കോട്ടയം: കനത്ത മഴയ്ക്കിടെ ഗൂഗിൾമാപ്പും വഴി തെറ്റിച്ചതോടെ കാറിൽ സഞ്ചരിച്ച നാലംഗ കുടുംബം തോട്ടിൽ വീണു. തക്കസമയത്ത് നാട്ടുകാരുടെ ശ്രദ്ധയെത്തിയതിനാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം തിരുവാതുക്കലിനു സമീപം രാത്രി 11 മണിയോടയാണ് സംഭവം. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു രക്ഷപെട്ടത്.
എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയില്‍ നാട്ടകം പാറേച്ചാല്‍ ബൈപാസിലായിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയില്‍ വഴി തെറ്റിയ ഇവര്‍ പാറേച്ചാല്‍ ബൈപാസില്‍ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു. കാറിനുള്ളില്‍ നിന്നു അത്ഭുതകരമായാണ് ഇവര്‍ രക്ഷപെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളില്‍ നിന്നും നാലു പേരെയും രക്ഷപെടുത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്‌നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.