തിരുവനന്തപുരം:കേരള സ്‌റ്റേറ്റ് ഫോര്‍മര്‍ എംഎല്‍എ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ സംഘടിപ്പിച്ച മുന്‍ നിയമസഭ സാമാജിരുടെ സംസ്ഥാന സമ്മേളനം സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. 1957 മുതലുള്ള നിയമസഭകളില്‍ എംഎല്‍എമാരും മന്ത്രിമാരും സ്പീക്കര്‍മാരും ഡെപ്യൂട്ടി സ്പീക്കര്‍മാരും ആയി പ്രവര്‍ത്തിച്ചവരും അവരുടെ കുടുംബാംഗങ്ങളുമാണ് ഒത്തുകൂടിയത്. രാജ്യത്തിനുതന്നെ മാതൃകയായ നിയമനിര്‍മാണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മുന്‍ അനുഭവങ്ങള്‍ സമ്മേളനത്തില്‍ പങ്കുവച്ചു. മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ സീനിയര്‍. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ജൂനിയറും. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന സമ്മേളനം സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍പോലെ ഓര്‍മകളും സ്നേഹവും സൗഹൃദവും പങ്കിടുന്ന സ്നേഹനിര്‍ഭരമായ കൂട്ടായ്മയായി സമ്മേളനം മാറിയെന്ന് എം ബി രാജേഷ് പറഞ്ഞു. ഫോര്‍മര്‍ എംഎല്‍എ ഫോറം ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രിമാരെയും സ്പീക്കര്‍മാരെയും ഡെപ്യൂട്ടി സ്പീക്കര്‍മാരെയും ചടങ്ങില്‍ ആദരിച്ചു. മുന്‍ സ്പീക്കര്‍മാരായ വി എം സുധീരന്‍, എന്‍ ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍മാരായ ഭാര്‍ഗവി തങ്കപ്പന്‍, ജോസ് ബേബി, പാലോട് രവി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനു വേണ്ടി മകന്‍ വി എ അരുണ്‍കുമാറും എ കെ ആന്റണിക്കു വേണ്ടി കെ എ ചന്ദ്രനും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ രചിച്ച 'പ്രകൃതി: ഭാവങ്ങളും പ്രതിഭാസങ്ങളും' എന്ന പുസ്തകം സ്പീക്കര്‍ എം വി എം സുധീരനു നല്‍കി പ്രകാശനം ചെയ്തു. മുന്‍ സ്പീക്കര്‍കൂടിയായ പാര്‍ലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ പി എം മാത്യു, ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ട്രഷറര്‍ എ എന്‍ രാജന്‍ ബാബു തുടങ്ങിയവരും സംസാരിച്ചു. ഓര്‍മകള്‍ പങ്കിട്ടും സൗഹൃദം ഊട്ടിയുറപ്പിച്ചും വീണ്ടും ഒത്തുചേരുമെന്ന വാഗ്ദാനങ്ങള്‍ പരസ്പരം പങ്കിട്ടുമാണ് മുന്‍ സാമാജികര്‍ യോഗവേദി വിട്ടത്. ശാരീരിക അസ്വസ്ഥതമൂലം ചടങ്ങില്‍ നേരിട്ടെത്താന്‍ സാധിക്കാതിരുന്ന മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, മുന്‍ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കുള്ള ഉപഹാരം സംഘാട സമിതി ഭാരവാഹികള്‍ അവരരുടെ ഭവനങ്ങളില്‍ എത്തി നേരിട്ട് കൈമാറി.