തൃശൂർ: കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ചാമക്കാല ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിലേക്ക് മണപ്പുറം ഫൗണ്ടേഷൻ കുടിവെള്ള പ്ലാൻ്റ് സമർപ്പിച്ചു. മണപ്പുറം ഫൗണ്ടേഷൻ്റെ സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ കുടിവെള്ള പ്ലാൻറിൽ നിന്നും വിദ്യാർത്ഥികൾക്ക് വെള്ളം വിതരണം ചെയ്ത് പരിപാടി ഉദ്‌ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് പദ്ധതി വിശദീകരണം നടത്തികൊണ്ട് കുടിവെള്ള പ്ലാൻറിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ചന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ ,വാർഡ് മെമ്പർ അനിൽകുമാർ ,ചാമക്കാല ഗവൺമെൻ്റ് ഹൈസ്കൂൾ പ്രധാന അധ്യാപിക ബീന ബേബി, പി.ടി.എ പ്രസിഡൻറ് അബ്ദുൾ സമദ് എന്നിവർ പങ്കെടുത്തു. ലോക ജലദിനത്തോടനുബന്ധിച്ച് മാർച്ച് 22ൽ കോളേജ് ഓഫ് നാട്ടികയിലേക്കും മണപ്പുറം ഫൗണ്ടേഷൻ കുടിവെള്ള പ്ലാൻ്റ് നൽകിയിരുന്നു.