കൊച്ചി: ഇന്ത്യയിലുള്ള 16 കോടിയിലേറെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിലയില്‍ മാത്രം വായ്പ ലഭ്യമായിട്ടുള്ള സ്ഥിതിയാണെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും തരത്തിലുള്ള വായ്പകള്‍ ഉള്ളവരും അതേ സമയം ആവശ്യമായ തുകയുടെ വായ്പ ലഭിച്ചിട്ടില്ലാത്തവരേയുമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവരില്‍ മിക്കവാറും പേര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വായ്പാ വിപണിയില്‍ ഉള്ളവരും പരമ്പരാഗത വായ്പാ പദ്ധതികള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളവരുമാണ്. ഇങ്ങനെ കുറഞ്ഞ തോതില്‍ മാത്രം വായ്പ ലഭിച്ചിരുന്നവരില്‍ അഞ്ചു ശ,മാനം പേര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സജീവമായ വായ്പകളിലേക്ക് എത്തിയതായും വായ്പകള്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റല്‍ രീതികളുടെ ഫലമായി ഇന്ത്യയിലെ ചെറുകിട വായ്പാ വിപണി അതിവേഗത്തിലുള്ള മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ഈ പഠനത്തെ കുറിച്ചു പ്രതികരിക്കവെ ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയിലുടനീളമായി ജനങ്ങളെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് തങ്ങളുടെ പഠനത്തിന്‍റെ ലക്ഷ്യം. വായ്പകളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ എത്രത്തോളം പേര്‍ സേവനങ്ങള്‍ ലഭ്യമാകാത്ത അവസ്ഥയിലാണ് എന്ന വിപണി പങ്കാളികള്‍ക്കു മനസിലാക്കി കൊടുക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായ്പകള്‍ ലഭ്യമായിട്ടുള്ളവരുടെ കാര്യത്തില്‍ വലിയ വളര്‍ച്ചയാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. 2017-ല്‍ ഇത് 9.1 കോടി ആയിരുന്നു എങ്കില്‍ 2021-ല്‍ 17.9 കോടിയായി ഉയര്‍ന്നിട്ടുണ്ട്.