പൊതുവിദ്യാഭ്യാസ - തൊഴിൽ മേഖലകൾക്ക് ഏറെ സഹായകരമായ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയ്ക്കായി 2022 - 23 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി അടങ്കൽ 2546.07 കോടി രൂപയാണ്. ഇതിൽ 1016.74 കോടി രൂപ സ്കൂൾ വിദ്യാഭ്യാസത്തിനും 452.67 കോടി രൂപ ഉന്നതവിദ്യാഭ്യാസത്തിനും 245.63 കോടി രൂപ സാങ്കേതിക വിദ്യാഭ്യാസത്തിനുമാണ്. കൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ നിന്ന് 831 കോടി രൂപ പ്രതീക്ഷിക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി ആരംഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറു വർഷത്തിനിടെ 10.48 ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് പുതുതായി കടന്നു വന്നത്. 2022- 23 ൽ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഭിന്നശേഷി സൗഹൃദമായി വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 2022 - 23ലെ സംസ്ഥാന വിഹിതം 150 കോടി രൂപയും പാൽ,മുട്ട എന്നിവ വിതരണം ചെയ്യുന്നതിനുള്ള അധിക ചിലവായി സംസ്ഥാനം നീക്കിവെച്ചിട്ടുള്ളത് 192.64 കോടി രൂപയുമാണ്.
തൊഴിലും തൊഴിലാളി ക്ഷേമ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് ആകെ 482.16 കോടി രൂപയാണ്. പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് വിവിധ വകുപ്പുകളും ക്ഷേമനിധിബോർഡുകളും മുഖേനയുള്ള പദ്ധതികളിലൂടെ വരുമാന പിന്തുണ ഉറപ്പുവരുത്തുന്നുണ്ട്. പരമ്പരാഗത മേഖലകളിലെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരിൽ 75% സ്ത്രീകളാണ്. ഈ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതി വിലയിരുത്തലിനുമായി 86 കോടി രൂപ വകയിരുത്തി.
പ്ലാന്റേഷൻ മേഖലയിലെ ലയം /പാഡി എന്നീ വാസസ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാൻ 10 കോടി രൂപ വകയിരുത്തി. നഗരപ്രദേശങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് സ്റ്റുഡിയോ അപ്പാർട്ട്മെന്റ് പദ്ധതിക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
കേരളത്തിൽ തൊഴിൽ ചെയ്യുന്ന അതിഥി തൊഴിലാളികൾ വെബ്പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്ത് പ്രത്യേകമായ തിരിച്ചറിയൽ നമ്പർ നേടേണ്ടതുണ്ട്. കേരള അതിഥി മൊബൈൽ ആപ്പ് പദ്ധതിക്കായി 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
വ്യാവസായിക പരിശീലന വകുപ്പിന്റെ നൈപുണ്യ വികസന പരിപാടികളുടെ വിവിധ പദ്ധതികൾക്കായി 37 കോടി രൂപ വകയിരുത്തി. ഐടിഐകളെ ആധുനികവൽക്കരിക്കാനായി 30.5 കോടി രൂപയും വകയിരുത്തി.