സംസ്ഥാനത്ത് രണ്ടു തൊഴിൽ മേഖലകളിൽ കൂടി മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി. മദ്യ ഉല്പാദന വ്യവസായം (മദ്യ ഉല്പാദനവും സ്പിരിറ്റ് വാറ്റലും ശുദ്ധീകരണവും ഉൾപ്പെടെ) തൊഴിലാളികളുടെയും അലുമിനിയം ആൻഡ് ടിൻ പ്രോഡക്ട് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം വേതനമാണ് പുതുക്കി നിശ്ചയിച്ചത്.
സംസ്ഥാനത്ത് മിനിമം വേതന ആക്റ്റിന്റെ ഷെഡ്യൂളുകളിൽപ്പെട്ട 87 - ഓളം തൊഴിൽ മേഖലകളിലാണ് മിനിമം വേതനം നടപ്പാക്കിയിട്ടുള്ളത്. മിനിമം വേതന നിയമപ്രകാരം വേതനം കാലോചിതമായി പുതുക്കി വരുന്നു. തൊഴിലുടമ -തൊഴിലാളി- സർക്കാർ പ്രതിനിധികൾ അടങ്ങുന്ന മിനിമം വേജ് അഡ്വൈസറി ബോർഡ് ആണ് മിനിമം വേതനം സംബന്ധിച്ച ശുപാർശ കൈമാറുന്നത്.
സംസ്ഥാനത്ത് കാലാവധി പൂർത്തിയായിട്ടും മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള എല്ലാ തൊഴിൽ മേഖലകളിലും മിനിമം വേതനം അടിയന്തിരമായി പുതുക്കി നിശ്ചയിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തൊഴിൽമന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. ലേബർ കമ്മീഷണർക്കാണ് നിർദേശം നൽകിയത്.