കൊച്ചി: ഐ.ടി മേഖലയുടെ വികസനക്കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്ക് വികസനപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ജിയോ ഗ്രൂപ്പ്. ഇന്‍ഫോപാര്‍ക്കിനുള്ളില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തായി നിര്‍മിക്കുന്ന 12 നില കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ജിയോ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.വി ജോര്‍ജ് നിര്‍വഹിച്ചു. ഫാ. ടൈറ്റസ് കാരിക്കാശേരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. കേരള ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ്, ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള, കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സി.ഇ.ഒ അമ്പിളി ടി.ബി, സിയാല്‍ മുന്‍ എം.ഡിമാരായ വെങ്കിടേശ്വരന്‍, ബാബു രാജീവ്, ജിയോ ഗ്രൂപ്പ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ആന്‍ഡ് ലീഗല്‍ അഡൈ്വസര്‍ അഡ്വ. രാജന്‍ ബാനര്‍ജി, വിഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റ് കെ.സി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഏഴ് ലക്ഷം സ്‌ക്വയര്‍ഫീറ്റിലായി 160 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഈ നിക്ഷേപത്തിലൂടെ ഇന്‍ഫോപാര്‍ക്കിലേക്ക് വരുന്നത്. സ്‌പെഷ്യല്‍ എക്കോണമിക് സോണില്‍ മൂന്ന് ടവറുകളായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പൈലിങ് മാര്‍ച്ച് ഏഴിന് ആരംഭിക്കുകയും ആദ്യ ടവര്‍ 30 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുകയും ചെയ്യും. പദ്ധതി പൂര്‍ണമാകുന്നതോടെ 5,000 മുതല്‍ 6,000 വരെ തൊഴിലവസരങ്ങള്‍ നേരിട്ടും 10,000 മുതല്‍ 12,000 വരെ തൊഴിലവസരങ്ങള്‍ അനുബന്ധമായും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലും വിനോദവുമെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുദ്ദേശിച്ചാണ് ജിയോ ഗ്രൂപ്പ് പദ്ധതി നടപ്പാക്കുന്നത്. റിക്രിയേഷണല്‍ ഏരിയ, ക്ലബ് ഹൗസുകള്‍, ജോഗിങ് ട്രാക്ക്, ജിം, സ്വിമ്മിങ് പൂള്‍, 700ഓളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുന്നുണ്ട്. വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളും സെന്‍ട്രല്‍ യാര്‍ഡുകളും ഉള്‍പ്പെടെ പച്ചപ്പ് നിറഞ്ഞ ഹരിത ക്യാംപസായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കോ-വര്‍ക്കിങ് സ്‌പെയ്‌സിനായി ഏതാനും നിലകള്‍ മാറ്റിവെക്കാനും പദ്ധതിയുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കഴിവതും കുറയ്ക്കാനായി സോളാര്‍ പവര്‍ ബാക്കപ്പോടു കൂടിയാണ് പ്രൊജക്ട് നടപ്പാക്കുക. ഭാവിയില്‍ സിയാല്‍ മാതൃകയിലേക്ക് പൂര്‍ണമായി മാറാനാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയ മഹാമാരിയില്‍ നിന്നുള്ള തിരിച്ചുവരവില്‍ ബാക്ക് ടു ഓഫീസ് ക്യാംപയിന്‍ പ്രോത്സാഹിപ്പിക്കാനാണ് ജിയോണ്‍ എയര്‍ ഇത്തരമൊരു സംരംഭവുമായി മുന്നോട്ട് വരുന്നതെന്ന് ജിയോ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.വി ജോര്‍ജ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കുമായി ചേര്‍ന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജിയോ ഗ്രൂപ്പ് തുടങ്ങിയിട്ട് ഒട്ടേറെ നാളായി. 2013ല്‍ ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് വണ്ണിന് സമീപം കിന്‍ഫ്ര ക്യാംപസില്‍ ജിയോ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കുകയും 60,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് ഒട്ടേറെ ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പുതിയ കെട്ടിടത്തിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങിയ ടെക്‌നോളജികളില്‍ അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍, ലക്ഷ്വറി ഹോട്ടലുകള്‍, നിര്‍ദിഷ്ട കൊച്ചി മെട്രോ സ്‌റ്റേഷന്‍ തുടങ്ങിയവയ്ക്ക് സമീപമായി ഒരുങ്ങുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്യാംപസില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളെ ആകര്‍ഷിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.ടി മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു കോ-ഡെവലപ്പര്‍ പുതിയ ഒരു സംരംഭവുമായി മുന്നോട്ട് വരുന്നത് ഇന്‍ഫോപാര്‍ക്കിന്റെയും കേരള ഐ.ടിയുടെയും വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കേരള ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു. കോ-ഡെവലപ്പര്‍ ബെയ്‌സ്ഡ് ഡെവലപ്പ്‌മെന്റ് എന്നത് കേരള ഐ.ടി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന വളരെ മികച്ച ഒരു മാതൃകയാണ്. നല്ല സൗകര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നല്ല കമ്പനികള്‍ അവിടേക്ക് കടന്നുവരും എന്നതില്‍ തര്‍ക്കമില്ല. ജിയോ ഗ്രൂപ്പിന്റെ ലോകമെമ്പാടുമുള്ള ബിസിനസ് ബന്ധങ്ങള്‍ കേരളത്തിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കും ഒട്ടേറെ കമ്പനികളെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജിയോ ഗ്രൂപ്പിന്റെ പുതിയ സംരംഭത്തിന് കേരള ഐ.ടി പാര്‍ക്ക്‌സിന്റെ മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.