കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായാണ് നടന്നത്. നേരത്തെ 200 പേർക്കും പിന്നീട് 1500 പേർക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്ന ട്രസ്റ്റിന്‍റെ അഭ്യർത്ഥനയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ പൊങ്കാല അടുപ്പുകള്‍ തീ പകര്‍ന്നു. നിലവില്‍ കൊവിഡ് വ്യാപനം കുറയുകയാണെങ്കിലും ജനക്കൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് ട്രസ്റ്റ് തീരുമാനിച്ചത്.