തൃശൂര്‍: ഫെഡറല്‍ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ പലയിടങ്ങളിലായി സൗരോര്‍ജ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നു. ഇരിങ്ങാലക്കുടയിലെ കുഴിക്കാട്ടുകോണം, ബാപുജി സ്മാരക സ്റ്റേഡിയം, പൊരത്തിശ്ശേരി, പോരത്തൂര്‍ ക്ഷേത്രം, ടോണി ഡ്രൈവിങ് സ്കൂള്‍ ജങ്ഷന്‍, സെന്‍റ് തോമസ് കത്തീഡ്രല്‍ ഈസ്റ്റര്‍ ഗേറ്റ്, കൂടല്‍ മാണിക്യ ക്ഷേത്ര ഗേറ്റ്, പട്ടമാലി റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. ഇതു കൂടാതെ ജില്ലയിലെ കൊടുങ്ങല്ലൂര്‍, കല്ലേറ്റുംകര, മാള, മതിലകം, ചാലക്കുടി, കരുവന്നൂര്‍, പരിയാരം തുടങ്ങിയ സ്ഥലങ്ങളിലും സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നുണ്ട്. ബാങ്കിന്‍റെ പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമായാണിത്. ബാങ്കിന്‍റെ സിഎസ്ആര്‍ വിഭാഗമായ ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
സോളാര്‍ തെരുവു വിളക്കുകളുടെ സ്വിച് ഓണ്‍ കര്‍മം ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്‍റും എറണാകുളം സോണ്‍ മേധാവിയുമായ കുര്യാക്കോസ് കോണില്‍ നിര്‍വഹിച്ചു. ബാങ്കിന്‍റെ ഇരിങ്ങാലക്കുട റീജിയണല്‍ മേധാവിയും വൈസ് പ്രസിഡന്‍റുമായ വര്‍ഗീസ് എ ഒ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാങ്കിന്‍റെ ഇരിങ്ങാലക്കുട ശാഖ മാനേജര്‍ ആന്‍ഡ്രൂസ് കെ വി, ഇരിങ്ങാലക്കുട നട മാനേജര്‍ സായൂജ് തോമസ് നൈനാന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.