തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായി തിരുവനന്തപുരം ലുലു മാൾ. ആക്കുളത്തുള്ള മാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
1971ലെ ഇന്ത്യ - പാക് യുദ്ധ വിജയവും ധീര സൈനികരെയും സ്മരിച്ച് ഒരു നിമിഷത്തെ മൗനാചരണത്തോടെയാണ് മാളിൻ്റെ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ, എം പിമാരായ ശശി തരൂർ ജോസ് കെ മാണി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സിനിമാ താരം മമ്മൂട്ടി, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ - സാമൂഹിക -സാംസ്കാരിക മേഖലയിലെ പ്രമുഖരുമടക്കം പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എംഎൽഎ, കടകംപളളി സുരേന്ദ്രൻ എം എൽ എ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ യു എ ഇ വിദേശ-വ്യാപാര മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയ്ദി മുഖ്യാതിഥിയും , ഇന്ത്യയിലെ യു എ ഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുൾ റഹ്മാൻ അൽബന്ന പ്രത്യേക ക്ഷണിതാവുമായിരുന്നു.
വികസനത്തിനായി കേരളത്തിന് വേണ്ടി തൻ്റെ പരമാവധി ശേഷി വിനിയോഗിക്കുന്ന വ്യവസായിയാണ് എം എ യൂസഫലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ്രോഹ മനസ്ഥിതിയുള്ള ആളുകൾ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. ഇത് നാട് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനത്ത് മഹാവിസ്മയം തീർത്ത ലുലു ഗ്രൂപ്പിനെ അഭിനന്ദിച്ച വി ഡി സതീശൻ കേരളത്തെ സ്നേഹിക്കുന്ന വ്യവസായിയാണ് യൂസഫലിയെന്ന് പറഞ്ഞു. കേരളത്തിലെ മറ്റൊരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന്
ലുലു ഗ്രൂപ്പ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ എം എ യൂസഫലി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ഇതിനായി എല്ലാവിധ പിന്തുണയും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നതിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകാനാകും. തിരുവനന്തപുരത്തെ ലുലു മാളിൽ നേരിട്ടും അല്ലാതെയും പതിനായിരത്തിലധികം പേർക്കാണ് ജോലി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂസഫലിയുടേത് വിലമതിക്കാനാവാത്ത സേവനങ്ങളെന്ന്
കേന്ദ്രമന്ത്രി വി മുരളീധരൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വ്യവസായ - തൊഴിൽ സംരംഭങ്ങളിൽ ബിഗ് ബ്രാൻഡായി യൂസഫലി തുടരട്ടെയെന്ന് മമ്മൂട്ടി ആശംസിച്ചു.
ലുലു മാൾ പരിസ്ഥിതി സൗഹൃദമായ നിർമ്മാണം ഉറപ്പുവരുത്തിയതിന് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ നൽകിയ ഗോൾഡ് സർട്ടിഫിക്കറ്റ് ചടങ്ങിൽ ലുലു ഗ്രൂപ്പിന് കൈമാറി. കൗൺസിൽ ചെയർമാൻ വി സുരേഷ് ആണ് സർട്ടിഫിക്കറ്റ് കൈമാറിയത്.
ചടങ്ങിന് ശേഷം മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും മാളിലെ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി.