പാറശാല : ലോക ശ്രദ്ധയാകർഷിക്കുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തുമെന്നത് ഉറപ്പായി. ശിവലിംഗത്തിൻറെ ഉയരവും മറ്റും ഉറപ്പ് വരുത്തുന്നതിനായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൻറെയും, ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൻറെയും പ്രതിനിധികൾ ജനുവരി 10 ഇന് രാവിലെ ക്ഷേത്രത്തിൽ എത്തി.കർണാടകത്തിലെ കോളാറിലെ ക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുള്ള 108 അടി ഉയരമുള്ള ശിവലിംഗത്തെക്കാൾ 3 അടി ഉയരം കൂടുതൽ ആയതിനാൽ ആണ് ചെങ്കൽ ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവലിംഗം ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തുമെന്ന് ഉറപ്പായത്. 2012 മാർച്ച് 23 ന് ആരംഭിച്ച ശിവലിംഗത്തിൻറെ നിർമ്മാണ ജോലികൾ 6 വർഷത്തെ പ്രവർത്തനങ്ങളെ തുടർന്ന് അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന വാർഷിക ഉത്സവത്തിന് മുൻപായി ശിവലിംഗത്തിൻറെ പണി പൂർത്തിയാക്കി ഭക്തജനങ്ങൾക്കയി തുറന്ന് കൊടുക്കുവാൻ ഉദ്ദേശിക്കുന്നതായിട്ടാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞത്. ക്ഷേത്ര നിർമ്മാണത്തിൽ ആവശ്യം അനുവർത്തിക്കേണ്ടതായ ഭാരതീയ വാസ്‌തു ശാസ്ത്ര നിയമങ്ങൾ അനുസരിച്ചും പ്രാചീന ക്ഷേത്ര നിർമ്മാണ വിധികൾ അനുസരിച്ചും നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിൻറെ പടിഞ്ഞാറേ കോണിലാണ് ശിവലിംഗം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്ര നിർമ്മാണത്തിലെന്നപോലെ തന്നെ ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകളും ലോക ശ്രദ്ധയാകർഷിക്കുന്നതാണ്. ആധുനികതയെ മാറ്റി നിറുത്തി പൂർണ്ണമായും ശിലകളും തടികളും കൊണ്ട് നിർമ്മിച്ച ആധുനിക കാലത്തെ ക്ഷേത്രം, ശിവനും പാർവതിയും ഒരുമിച്ച് ഒരേ പീഠത്തിൽ വാഴുന്ന ക്ഷേത്രം, ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത 12 ജ്യോതിർലിംഗങ്ങളുടെ പ്രതിഷ്ഠ, ഗണപതി ദേവൻറെ 32 ഭാവങ്ങളിലെ പ്രതിഷ്ഠയോടുകൂടിയ ഗണപതി മണ്ഡപം, കഴിഞ്ഞ 13 വർഷങ്ങളായി പതിവായി വിനായക ചതുർത്ഥി നാളിൽ 10,00,08 കൊട്ടത്തേങ്ങയാൽ ഗണപതി ഹോമം നടത്തുന്ന ക്ഷേത്രം തുടങ്ങിയ പ്രത്യേകതകൾക്ക് പുറമെ ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് റെക്കോർഡിലേക്ക് എത്തുമെന്നതും ഈ ക്ഷേത്രത്തിൻറെ പ്രശസ്തി ഉയർത്തുന്നതിന് കാരണമാകുന്നതാണ്.