ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം പദ്ധതികള്‍ സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടിയ ഭിന്നശേഷിക്കാര്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും പ്രതീക്ഷ പകരുന്ന പദ്ധതികളാണ് ഇവയെന്ന് മന്ത്രി പറഞ്ഞു. വിവിധ ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പാക്കി സമഗ്രമായ കാഴ്ച്ചപ്പാടോടെയാണ് ഇവ നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ നാളുകളില്‍ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ നേരിട്ട മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ജൈവികം പദ്ധതി പ്രയോജനപ്രദമാകും -മന്ത്രി ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസം നേടിയ നിര്‍ധനരായ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം നല്‍കുന്ന പദ്ധതിയാണ് അജയ്യം. ഹോപ്‌സ് പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്.ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി കോവിഡ് പ്രതിരോധം, കോവിഡാനന്തര ആയുര്‍വേദ ചികിത്സ, കൗണ്‍സലിംഗ്, തൊഴില്‍ പരിശീലനം, മാനസിക ഉല്ലാസ പരിപാടികള്‍ എന്നിവ ഏര്‍പ്പെടുത്തുന്ന പദ്ധതിയാണ് ജൈവീകം. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കില്‍സ്, ആലപ്പുഴ ജില്ലാ വീല്‍ ചെയര്‍ യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റി, കെ.എ.പി.എസ് എന്നിവയുടെയും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായിരുന്നു.
ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, സാമൂഹ്യ നീതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എസ്. ജലജ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. താഹ, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം ഫാ. ജോര്‍ജ് ജോഷ്വ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍ പദ്ധതി വിശദീകരിച്ചു.ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. സി.ഡി ലിനി, സോണ്‍ പ്രസിഡന്റ് ഡോ. കെ.എസ് വിഷ്ണു നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ഡോ. എ. സൈനുലാബിദീന്‍, ഹോപ്‌സ് ഡയറക്ടര്‍ എ.ഡി. മഹേഷ്, സിനിമ-ടിവി താരം മധു പുന്നപ്ര, ഡോ. രാജി, ഡോ. ഐപ് വര്‍ഗീസ്, പി.എം. ഷാജി, പ്രേംസായ് ഹരിദാസ്, പി. ജയകുമാര്‍, ടി.ആര്‍ മധു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.