തിരുവനന്തപുരം: ചെറിയ പെരുന്നാൾ പരിഗണിച്ച് നാളെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി തിരുവനന്തപുരത്താണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സഹകരണ സ്ഥാപനങ്ങൾക്കും കേരള ബാങ്ക് അടക്കമുള്ള ബാങ്കിങ് സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ചെറിയ പെരുന്നാൾ പരിഗണിച്ച് മെയ് രണ്ട് അവധിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാവാതെ വന്നതോടെ ഇന്നും വ്രതാനുഷ്ഠാനം നടത്തി. നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഇസ്ലാം മതവിശ്വാസി സമൂഹം തീരുമാനിച്ചതോടെയാണ് സംസ്ഥാന സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചത്.