അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ചു ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര. ഒരു ദിവസം എത്ര മണിക്കൂർ സമയം ക്ഷേത്രം തുറന്നിരിക്കണം എന്നത് സുരക്ഷ ഏജൻസികളുമായി കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും മിശ്ര അയോധ്യയിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി രാജേഷ് കാൽറയോട് പറഞ്ഞു. ഉച്ചയ്ക്ക് വിഗ്രഹത്തിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന സംവിധാനം തത്സമയം വീക്ഷിക്കാൻ അയോധ്യയിൽ 100 സ്ക്രീനുകൾ ഒരുക്കുമെന്നും നൃപേന്ദ്ര മിശ്ര അറിയിച്ചു.
ക്ഷേത്രം തുറക്കുന്ന സമയം സുരക്ഷ വിലയിരുത്തി തീരുമാനിക്കും. പ്രധാന ദിവസങ്ങളിൽ 12-14 മണിക്കൂർ തുറന്നാൽ രണ്ട ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ആളുകൾ എത്താനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇവിടെ എത്തുന്നവർക്ക് ഏഴു സെക്കൻറ് മാത്രമേ ദർശനം നടത്താനുള്ള സമയം കിട്ടുകയുള്ളു. അതിൽ നിരാശ ഉണ്ടായേക്കാം. ഇതിൽ എന്തു ചെയ്യാൻ കഴിയും എന്ന് നോക്കും. 12 മണിക്കൂറിന് പകരം 16 മണിക്കൂർ വരെ തുറക്കാൻ ശ്രമിക്കും. ഇത് എന്തു വേണം എന്ന് തീരുമാനിക്കും. സുരക്ഷ ഏജൻസികൾക്ക് എത്രത്തോളം ഇതിനുള്ള തയ്യാറെടുപ്പ് നടത്താൻ കഴിയും എന്ന് കൂടി ചർച്ച ചെയ്ത ശേഷം അവസാന തീരുമാനം എടുക്കും.