ബംഗ്ലൂരു: അഭ്യൂഹങ്ങൾക്കിടെ കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തുടരുമെന്ന് ബിജെപി നേതൃത്വം. ബസവരാജ് ബൊമ്മെ സാധാരണക്കാരന്റെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ മാറ്റുമെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് വിശദീകരിക്കുന്നത്. കർണാകയിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അരുൺ സിംഗിന്റെ വിശദീകരണം.
പുതുമുഖങ്ങൾക്ക് അവസരം നൽകി ഗുജറാത്ത് മോഡൽ പുനസംഘടന എന്ന ആവശ്യമാണ് കർണാടകയിൽ ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്. ഇതനുസരിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ ക്യാബിനറ്റ് അംഗങ്ങളേയും മാറ്റുന്നതും പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ബൊമ്മെയെ മാറ്റേണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. ഇത് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗും ആവർത്തിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി.