ജയ്‌പൂർ: രാജസ്ഥാനിലെ ജോഥ്പൂരിൽ സംഘർഷം. രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷമുണ്ടാക്കിയവരെ പൊലീസ് ലാത്തിചാർജ് നടത്തി പിരിച്ച് വിട്ടു. ഇന്നലെ രാത്രിയിലും സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. പ്രദേശത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം.
ആളുകൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈദ് നമസ്കാരം പൊലീസ് സംരക്ഷണത്തിലാണ് നടത്തിയത്. ഇവിടെ മൂന്ന് ദിവസത്തെ പരശുരാം ജയന്തി ആഘോഷവും നടക്കുന്നുണ്ട്. രണ്ട് മതവിഭാഗങ്ങളും പലയിടത്തായി മതചിഹ്നങ്ങൾ ഉള്ള പതാകകൾ ഉയർത്തി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
സംഘർഷം ജോഥ്പൂരിലെ അഞ്ചിടങ്ങളിലായാണ് നടന്നത്. കല്ലേറും അക്രമവും തടയാൻ പൊലീസ് ടിയർ ഗ്യാസ് ഉപയോഗിച്ചു. അക്രമികൾ പൊലീസിനെയും ആക്രമിച്ചതോടെയായിരുന്നു ഇത്. കല്ലേറിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സാമുദായിക സംഘർഷങ്ങൾ ഉണ്ടായിരുന്നു.