December 04, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author

ഡൽഹി: പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പാക്കിസ്ഥാൻ ആതിഥ്യം അരുളുന്ന ഉച്ചകോടിയിൽ നിന്നും പിൻമാറി.

ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.പാക്കിസ്ഥാനിൽ ഭീകര പ്രവർത്തനങ്ങൾ നിർത്തുന്നതുവരെ ചർച്ചകൾ ഒന്നും ഉണ്ടാകില്ലെന്നും സാർക്ക് രാജ്യങ്ങളിൽ ഞങ്ങൾ പങ്കെടുക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാക്കിസ്‌താൻ ആതിഥ്യം നൽകുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈജിപ്തില്‍ പിരമിഡുകള്‍ക്കിടയില്‍ പര്യവേഷകര്‍ കണ്ടെത്തിയത് 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം. കെയ്‌റോയിലെ പിരമിഡുകള്‍ നിറഞ്ഞ സക്വാറയിലാണ് ഒരു പുരോഹിതന്റെ ശവക്കല്ലറ കണ്ടെത്തിയിട്ടുള്ളത്. 2018 ലെ അവസാനത്തെ കണ്ടെത്തല്‍ എന്നാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തവെ ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എല്‍ എനാനി വിശേഷിപ്പിച്ചത്.

ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകര്‍ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തിലുള്ളതാണ് കല്ലറ. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ശവകല്ലറ കൊത്തുപണികളാലും ചായമടിച്ചും അലങ്കരിച്ചിട്ടുണ്ട്.

നവംബര്‍ എട്ടിനായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ദെവോന്‍പോര്‍ട്ടില്‍ നിന്ന് കിങ് ദ്വീപിലേക്ക് പോയ ഒരാള്‍ക്ക്‌ മാത്രം സഞ്ചരിക്കാവുന്ന വിമാനമാണ്‌ ദിശമാറി സഞ്ചരിച്ചത്. കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് ഉറങ്ങിയതിനെ തുടർന്ന് വിമാനം കുറേ നേരത്തേക്ക് അപ്രത്യക്ഷമായി. ഒടുവില്‍ ലക്ഷ്യ സ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ മാറി വിമാനം ലാന്‍ഡ് ചെയ്തു.

പൈലറ്റ് വിമാനം 50 കിലോമീറ്റര്‍ അകലെ സുരക്ഷിതമായി എങ്ങനെ ഇറക്കി എന്നതിനെക്കുറിച്ച് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിങ് ദ്വീപിലേക്കുള്ള ഒരു വിമാനം അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ മരിച്ചിരുന്നു.

വാഷിങ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ ക്രിസ്മസ് സമ്മാനവുമായി സന്ദര്‍ശിക്കാന്‍ എത്തിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സമ്മാനങ്ങള്‍ നിറച്ച സഞ്ചി തോളില്‍ തൂക്കി ക്രിസ്മസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയില്‍ എത്തിയ ഒബാമയെ കണ്ട കുട്ടികള്‍ ആദ്യമൊന്നു ഞെട്ടി.

പിന്നീട് കുട്ടികളുടെ കൂടെ ഒരുപാടു നേരം ചിലവഴിക്കുകയും സ്‌നേഹം അറിയിക്കുകയും അവര്‍ക്കായി കരുതിയ സമ്മാനങ്ങള്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹം കൈമാറുകയും ചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കുവാന്‍ കഴിഞ്ഞുവെന്നും, മിടുക്കരായ കുറെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വീറ്റ് ചെയ്തു.

ഒബാമയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതരാണ് ട്വീറ്റ് ചെയ്തത്. ആ വീഡിയോ റീട്വീറ്റ് ചെയ്ത് ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി പറഞ്ഞു. പ്രതിഫലം ആഗ്രഹിക്കാതെ ആ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന നഴ്‌സുമാരും ജീവനക്കാരുമാണ് അവിടെ കണ്ട ഏറ്റവും നല്ല കാഴ്ചയെന്നും ഒബാമ പറയുന്നു. ഒബാമ കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്‌സ് ആന്റ് ഗേള്‍സ് ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി എത്തിയിരുന്നു.

ഇനി ആധാര്‍ രേഖ ഇല്ലാത്തവര്‍ക്കാര്‍ക്കും ആധിവേണ്ട. ടെലികോം സ്ഥാപനങ്ങളോ ബാങ്ക് അധികൃതരോ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെ വേണമെന്നു നിര്‍ബന്ധം പിടിച്ചാല്‍ ഒരു കോടി രൂപ വരെ പിഴയും ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവും നല്‍കാനുള്ള ഭേദഗതിയ്ക്കു കേന്ദ്രമന്ത്രാലയത്തിന്റെ അംഗീകാരം. നിയമം ഉടന്‍ പാസാകും.

പുതിയ മൊബൈല്‍ കണക്ഷനും ബാങ്ക് അക്കൗണ്ട് എടുക്കുമ്പോഴും ഇത് ബാധകമായിരിക്കും. ഈ ആവശ്യങ്ങള്‍ക്കു പാര്‍സ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ മതിയാകും. ഉപയോക്താക്കള്‍ക്ക് നോ യുവര്‍ കസ്റ്റമര്‍ ഫോം പൂരിപ്പിക്കാന്‍, സ്വമേധയാ ആധാര്‍ നമ്പര്‍ നല്‍കാനുള്ള അവസരം നല്‍കും.

സുപ്രീം കോടതിയുടെ വിധിപ്രകാരം ടെലിഗ്രാഫ് ആക്ടിലും പിഎംഎല്‍എയിലും (Indian Telegraph Act and PMLA) ഭേദഗതി വരുത്തുകയാണ് ചെയ്യുന്നത്. സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് ആധാര്‍ നമ്പര്‍ (യുണീക് ഐഡി) പൊതുമുതലുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികള്‍ക്കു മാത്രമേ നിര്‍ബന്ധമായി ആവശ്യപ്പെടാനാകൂ എന്നാണ്.

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുകയാണ് നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. അതേസമയം ആധാര്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കാമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ആധാറുള്ള കുട്ടികള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ കാര്‍ഡ് വേണ്ടെന്നു വയ്ക്കാനുള്ള അവസരം നല്‍കാനും സാധ്യതയുണ്ട്.

ഇത്തരത്തില്‍ ഉപേക്ഷിക്കുന്നവരുടെ ബയോമെട്രിക്‌സ് രേഖകളും മറ്റും നീക്കം ചെയ്യും. ബയോമെട്രിക്‌സില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റത്തിനു ശ്രമിച്ചാലും ശിക്ഷയ്ക്കു അര്‍ഹരായിരിക്കും. ഇലക്ട്രോണിക് ഒതന്റിക്കേഷന്‍ നടത്താന്‍ ശ്രമിക്കുന്ന ഏജന്‍സികള്‍ക്കു ബയോമെട്രിക് ഡേറ്റ അത്ര പെട്ടെന്ന് ലഭിക്കാന്‍ സാധ്യതയില്ല.

ശ്രമിച്ചാല്‍ 50 ലക്ഷം രൂപ പിഴ ഈടാക്കും. ചില സ്ഥാപനങ്ങള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ജനങ്ങളുടെ ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നത് തടയാനും പുതിയ നടപടിയിലൂടെ സാധിക്കും. ഉപയോക്താവിന്റെ അനുമതിയില്ലാതെ ആധാര്‍ വിവരങ്ങള്‍ എടുത്താല്‍ 10,000 രൂപ പിഴയും മൂന്നു വര്‍ഷം തടവും ലഭിക്കാം. ക്യൂആര്‍ കോഡ് വേരിഫിക്കേഷന്റെ കാര്യത്തിലും ഇതു ബാധകമായിരിക്കും. സമ്മതം വാങ്ങാതെ ആരുടെയെങ്കിലും ഐഡിയോ ഫോട്ടോയോ പ്രസിദ്ധീകരിക്കുന്നവരെ കാത്തിരിക്കുന്നത് 10,000 രൂപ മുതല്‍ 1 ലക്ഷം രൂപ വരെ പിഴയാണ്.

ദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍ ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരെ മോദി സര്‍ക്കാര്‍ കൈവിടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോക്‌സഭയില്‍ എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനു മറുപടിയായാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

സ്‌പോണ്‍സറെ മാറുന്നതടക്കമുള്ള കാര്യങ്ങളില്‍ സഹായം നല്‍കും. എക്‌സിറ്റ് വീസ, ഇന്ത്യയിലേക്കുള്ള സൗജന്യ ടിക്കറ്റ് എന്നിവ അനുവദിക്കുക, ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴയില്‍ ഇളവ്, സ്‌പോണ്‍സറെ മാറുന്ന കാര്യത്തില്‍ സാധ്യമായ സഹായം നല്‍കുക എന്നിവയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കി വരുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്കും സാധ്യമായ സഹായം നല്‍കി വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പുനരധിവാസം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും വിദേശകാര്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയില്‍ 2011ല്‍ ആരംഭിച്ച സ്വദേശിവല്‍ക്കരണം കഴിഞ്ഞ സെപ്റ്റംബറില്‍ പന്ത്രണ്ട് മേഖലകളിലേക്കു കൂടി വ്യാപിപ്പിച്ചിരുന്നു. ആയിരക്കണക്കിന് മലയാളികള്‍ക്കാണ് ഇക്കാരണത്താല്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിലാണ് തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം വ്യക്തമാക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്.

ബിജെപിയിലെ ചില നേതാക്കള്‍ സംസാരം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. രാഷ്ട്രീയക്കാര്‍ വാചകമടി മാത്രം നടത്തുന്നത് കുറയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓരോ സംഭവത്തിന് ശേഷവും മാധ്യമങ്ങളെ കാണാറില്ലല്ലോയെന്ന് ഗഡ്കരി ചോദിച്ചു. രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളുമായി വളരെക്കുറച്ച് മാത്രമേ ആശയവിനിമയം നടത്താവൂ. എന്നാല്‍ ബിജെപിയില്‍ അത് ഇത്തിരി കൂടുതലുമാണെന്ന് ഗഡ്കരി പറഞ്ഞു.

എന്നാല്‍, റഫാല്‍ വിഷയത്തില്‍ ബിജെപിയുടെ എഴുപതോളം വാര്‍ത്താസമ്മേളനങ്ങള്‍ നടത്താന്‍ പോകുന്നതിനേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് നിരവധി നേതാക്കളുണ്ടെന്നും അവര്‍ക്ക് മാധ്യമങ്ങളോട് പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ എന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.

രാഹുല്‍ ഗാന്ധി ഇസ്‌ലാം മതത്തില്‍ ചേര്‍ന്നെന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഹുല്‍ ഗാന്ധി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് വ്യാജപ്രചരണം. വൃദ്ധനായ മുസ്ലീം പുരോഹിതന്‍ പ്രാര്‍ത്ഥിക്കുന്നത് നോക്കി ഭക്തിപൂര്‍വ്വം നില്‍ക്കുന്ന രാഹുലിനെയാണ് വീഡിയോയില്‍ കാണുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ട്. മോദിനമ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യല്‍ തമാശ, ഇന്ത്യ 272+ തുടങ്ങി നിരവധി പേജുകള്‍ വീഡിയോ ഷെയര്‍ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ 2 വര്‍ഷം പഴക്കമുള്ള വീഡിയോ ആണിത്. സൂഫി പണ്ഡിതനും ആത്മീയ നേതാവുമായ മഖ്തൂം സാഹിബിന്റെ ശവകുടീരത്തിങ്കല്‍ അദ്ദേഹത്തിന് ആദരവര്‍പ്പിക്കാനെത്തിയപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. അന്നത്തെ അയോധ്യാ സന്ദര്‍ശനത്തിനിടെ ഹനുമാന്‍ഗര്‍ഗ് അമ്പലവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

ശബരിമല യുവതീപ്രവേശം, നവോത്ഥാന വനിതാമതില്‍ വിഷയങ്ങളില്‍ എന്‍എസ്എസിനെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് വീണ്ടുവിചാരത്തിനു തയാറാകണം. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടേത് ആര്‍എസ്എസ് ബിജെപി സമരങ്ങള്‍ക്കു തീ പകരാനുള്ള നടപടിയാണെന്നും കോടിയേരി പറഞ്ഞു.

സമദൂരം മാറ്റി ശരി ദൂരമാക്കി കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ സഹായിക്കാനാണ് എന്‍.എസ്.എസ് നീക്കമെന്ന് കോടിയേരി വിമര്‍ശിച്ചു. മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമെന്നത് സുകുമാരന്‍ നായരുടെ അധികപ്രസംഗമാണെന്നും വനിതാ മതിലില്‍ വിള്ളല്‍ വീഴ്ത്താനുള്ള ആര്‍.എസ്.എസ് ശ്രമത്തിന് കൂട്ടുനില്‍ക്കുന്ന എന്‍.എസ്.എസ് നടപടി ചരിത്രപരമായ തലകുത്തിവീഴ്ചയാണെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി കുറ്റപ്പെടുത്തി.

കേരള നവോത്ഥാനത്തില്‍ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരില്‍ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ പാതയില്‍നിന്നുള്ള വ്യതിചലനമാണ് എന്‍എസ്എസ് നേതാവില്‍ ഇന്നു കാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തില്‍ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നതു വിസ്മരിക്കുന്നില്ലെന്നും കോടിയേരി പറയുന്നു.

പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവില്‍ സംഭവിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതം പൊതുവില്‍ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അതു മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമരം നയിച്ച എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്.

നായര്‍ സമുദായത്തിനുവേണ്ടി മന്നത്ത് പത്മനാഭന്‍ തുടങ്ങിയ യജ്ഞം ഹിന്ദുസമുദായത്തിന്റെ പൊതു സമുദ്ധാരണത്തിനും ഒപ്പം സര്‍വസമുദായ മൈത്രിക്കും വേണ്ടിയായി വളര്‍ന്നിരുന്നു. അനാചാരങ്ങളേയും ബ്രാഹ്മണാധിപത്യത്തേയും ചെറുക്കാനും തോല്‍പ്പിക്കാനും അസാമാന്യ ധൈര്യം അദ്ദേഹം കാട്ടി. അനാചാരങ്ങള്‍ക്ക് അറുതി വരുത്താനും ബ്രാഹ്മണ മേധാവിത്തത്തെ പിടിച്ചുലയ്ക്കാനും മന്നത്ത് ശ്രദ്ധാലുവായിരുന്നു.

ആ വെളിച്ചത്തിലൂടെ എന്‍എസ്എസിനെ മുന്നോട്ട് നയിക്കേണ്ട ചരിത്രപരമായ കടമ ഇന്നത്തെ നേതൃത്വം വിസ്മരിക്കുകയാണ്. അതിനെ ആ സമുദായത്തിലെ ചിന്താശീലര്‍ ചോദ്യം ചെയ്യും. പഴക്കമുള്ള ആചാരങ്ങളെ ലംഘിക്കുന്നവരുടെ ശവം കൃഷ്ണപരുന്തുകള്‍ കൊത്തിവലിക്കുമെന്ന് ശബരിമലയുടെ പേരില്‍ ആക്രോശിക്കുന്നവര്‍ മന്നത്തിന്റെ നവോത്ഥാന വഴികളാണ് മറക്കുന്നത്.

ആര്‍എസ്എസ് ബിജെപിയുടെ വര്‍ഗീയ സമരങ്ങള്‍ക്കു തീ പകരാനുള്ള നടപടിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയില്‍ നിന്നുമുണ്ടായിരിക്കുന്നത്. ഡിസംബര്‍ 26ന് ആര്‍എസ്എസ് നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള സുകുമാരന്‍നായരുടെ ആഹ്വാനം എന്‍എസ്എസിന്റെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

സര്‍ക്കാരിന്റെ വര്‍ഗീയ മതിലിലോ ആര്‍എസ്എസിന്റെ അയ്യപ്പജ്യോതിയിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തെ വര്‍ഗീയമായി നെടുകയും കുറുകെയും പിളര്‍ക്കുന്ന ഈ പരിപാടികള്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. ശബരിമലയെ കളങ്കപ്പെടുത്തിയശേഷം സര്‍ക്കാരിന്റെ മൗനസമ്മതത്തോടെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ബിജെപിക്കു മുഖംരക്ഷിക്കാനുള്ള പിടിവള്ളിയാണ് അയ്യപ്പജ്യോതിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാറിന്റെ വര്‍ഗീയ മതിലിന് ബദലായി നടപ്പാക്കുന്ന അയ്യപ്പജ്യോതി പരിപാടിക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ല. അത് കേവലമൊരു രാഷ്ട്രീയ പരിപാടിയാണെന്ന് പ്രബുദ്ധ കേരളത്തിന് അറിയാമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. സര്‍ക്കാറിന്റെ വര്‍ഗീയ മതില്‍, സമൂഹത്തില്‍ വലിയ ചേരിതിരിവ് ഉണ്ടാക്കി.

നവോത്ഥാന പ്രസ്ഥാനം, ലിംഗസമത്വം തുടങ്ങി അവര്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അടിയില്‍ ഒളിഞ്ഞിരിക്കുന്നത് തനി വര്‍ഗീയതയാണ്. നവോത്ഥാന മുന്നേറ്റത്തില്‍ വലിയ പങ്കുവഹിച്ച എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സാമൂഹിക സംഘടനകളെയും ക്രിസത്യന്‍ മുസ്ലീം ജനവിഭാഗങ്ങളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് മതില്‍ കെട്ടുന്നത്.

ഇവര്‍ നവോത്ഥാന മുന്നേറ്റത്തില്‍ വഹിച്ച പങ്ക് ചരിത്രത്തില്‍ സുവര്‍ണരേഖകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുന്നതു തന്നെ വര്‍ഗീയ മതില്‍ പൊളിയുമെന്നു മുന്നില്‍ കണ്ടാണെന്നു മുല്ലപ്പള്ളി പറഞ്ഞു.

ലിംഗസമത്വത്തിനുവേണ്ടി മതില്‍കെട്ടുന്നവര്‍ തന്നെയാണ് ഡി.വൈ.എസ്.പി കാറിനുമുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ ഭാര്യ വിജിയെ അപമാനിച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും നഷ്ടപരിഹാരവും തേടി വിജി നടത്തുന്ന സമരം മന്ത്രിക്ക് വെറും തോന്ന്യാസമാണ്.

വര്‍ഗീയ മതിലില്‍ നിന്നു പിന്‍മാറിയ നടി മഞ്ജുവാര്യരെ മറ്റൊരു മന്ത്രി വളരെ മോശമായി അധിക്ഷേപിച്ചു. പീഡന പരാതിയെ തുടര്‍ന്ന് സി.പി.എം കര്‍ണാടക സെക്രട്ടറിയെ കേന്ദ്രകമ്മിറ്റി പുറത്താക്കിയെങ്കിലും പി.കെ ശശി എം.എല്‍.എ എന്ന പീഡകന് കേരളത്തിലെ സി.പി.എം എല്ലാവിധ സംരക്ഷണവും നല്‍കുകയാണ്.

കണ്ണൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം നടത്തിയതില്‍ സി.പി.എമ്മിന് പങ്കില്ലെന്നു പറയാനാകുമോ? രണ്ടേ മുക്കാല്‍ വര്‍ഷമായി കേരളത്തില്‍ നടന്ന പീഡനക്കേസുകളിലെല്ലാം സി.പി.എമ്മുകാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.