ഇന്തോ - വിയറ്റ്നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്നാം സംഘത്തിന്റെ മൂന്നു ദിവസത്തെ കേരളം പര്യടനം ആരംഭിച്ചു. ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡർ ഫാം സാങ് ചു വിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് തിരുവനന്തപുരം, കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്നത്. ഞായറാഴ്ച കേരളത്തിൽ എത്തിയ സംഘം വെള്ളായണി കാർഷിക കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും വെള്ളായണി കാർഷിക കോളേജിലും സംഘം അദ്ധ്യാപകരുമായി സംവദിച്ചു.കോളേജുകളിലെ സൗകര്യങ്ങളെ കുറിച്ച് മനസിലാക്കിയ സംഘം വിയറ്റ്‌നാമിൽ നിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ ഉപരിപഠനം നടത്താനുള്ള സാധ്യതകൾ ആരാഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, കൃഷി മന്ത്രി പി പ്രസാദ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് എന്നിവരുമായി സംഘം തിങ്കളാഴ്ച മാസ്‌കറ്റ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തും. വിയറ്റ്‌നാമുമായുള്ള കൂടുതൽ വ്യാപാര സാധ്യതയെക്കുറിച്ചും സംഘം ചർച്ച ചെയ്യും. തുടർന്ന് വെള്ളാർ ക്രാഫ്റ്റ് വില്ലേജ് വില്ലേജ് സന്ദർശിക്കും. കൊല്ലം ജില്ലയിലേക്ക് പോകുന്ന സംഘം ചൊവ്വാഴ്ച പര്യടനം പൂർത്തിയാക്കും.