റിയോ: ബ്രസീലിലെ പ്രശസ്ത യുവ ഗായിക മരിലിയ മെന്തോന്‍സ (26 ) വിമാനാപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച ഒരു സംഗീത പരിപാടി അവതരിപ്പിക്കാനായി സ്വന്തം പട്ടണമായ ഗോയാനിയയില്‍ നിന്നും പറന്നതായിരുന്നു മരിലിയ. ഇവര്‍ക്കൊപ്പം ഇവരുടെ പ്രൊഡ്യൂസറും, മാനേജറുമായ അമ്മാവനാണ് ഉണ്ടായിരുന്നത്. രണ്ടുപേരും ചേര്‍ന്നാണ് ചെറുവിമാനം പറത്തിയത്. ഇദ്ദേഹവും അപകടത്തില്‍ മരണപ്പെട്ടു.
ബ്രസീലിയന്‍ തലസ്ഥാനമായ റിയോ ഡീ ജനീറോയില്‍ നിന്നും 220 മൈല്‍ അകലെയാണ് മരിലിയയുടെ സ്വന്തം നഗരമായ ഗോയാനി ഇവിടെ നിന്നും കരാറ്റിന്‍ഗ എന്ന സ്ഥലത്ത് പരിപാടി അവതരിപ്പിക്കാനാണ് ഗായികയും അമ്മാവനും പറന്നത്. വഴിയില്‍ താഴ്ന്ന് പറന്നപ്പോള്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുമായി വിമാനം കൂട്ടിയിടിച്ച് വെള്ളച്ചാട്ടത്തിന് സമീപമുള്ള പാറക്കെട്ടില്‍ വിമാനം തകര്‍ന്നുവീണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തകര്‍ന്ന വിമാനത്തിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം ഗായികയുടെ മരണം സംഭവിച്ച അപകടത്തിന് മണിക്കൂര്‍ മുന്‍പ് അവരുടെ 3.8 കോടി ഫോളോവേര്‍സ് ഉള്ള ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഗായിക ഗിറ്റാറുമായി വിമാനത്തില്‍ കയറുന്നത് അടക്കമുണ്ട്. മെന്തോൻസയുടെ മരണത്തിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ അനുശോചനം രേഖപ്പെടുത്തി.
ബ്രസീലിന്റെ തനത് സംഗീതരൂപമായ സെർതനേഷോ അവതരിപ്പിച്ചാണ് മരിലിയ ശ്രദ്ധനേടിയത്. യൂട്യൂബില്‍ ഇവര്‍ക്ക് 2 കോടിയോളം ഫോളോവേര്‍സ് ഉണ്ട്. ഇതിന് പുറമെ 2019 ല്‍ ലാറ്റിന്‍ ഗ്രാമി അവാര്‍ഡും ഇവരെ തേടിയെത്തി. ഈ വര്‍ഷം ലാറ്റിന്‍ ഗ്രാമി ഫൈനല്‍ ലിസ്റ്റില്‍ ഇവര്‍ എത്തിയിട്ടുണ്ട്. ബ്രസീലിയന്‍ സ്പോട്ടിഫൈയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ട ഗായികയാണ് മരിലിയ. കൊവിഡ് ലോക്ക്ഡൌണ്‍ കാലത്ത് ഇവര്‍ ഓണ്‍ലൈന്‍ കണ്‍സേര്‍ട്ടുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം ഒരു കണ്‍സേര്‍ട്ടിന് ലൈവായി എത്തിയ കാഴ്ചക്കാരുടെ എണ്ണം ഇപ്പോഴും സ്ട്രീമീംഗ് രംഗത്തെ റെക്കോഡാണ്.
'ഈ തലമുറയിലെ ഏറ്റവും മികച്ച ഗായികയെയാണ് നമ്മുക്ക് നഷ്ടപ്പെട്ടത്. ഈ വാര്‍ത്ത കേട്ട് രാജ്യം തന്നെ നടുങ്ങിയിരിക്കുകയാണ്' - മരണത്തിൽ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ അനുശോചനം രേഖപ്പെടുത്തി, സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.