ന്യൂയോർക്ക്: രാജ്യങ്ങൾ വാണിജ്യ യുദ്ധത്തിലേക്ക് കടക്കുമ്പോൾ എല്ലാം നഷ്ടപ്പെുടുകയാണ് സംഭവിക്കുകയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന ഇറക്കുമതി തീരുവ പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ. "ഒരു ആഗോള സമ്പദ് വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. എല്ലാം പരസ്പര ബന്ധിതമാണ്. സ്വതന്ത്ര വ്യാപാര ബന്ധം നിലനിൽക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം എല്ലാ രാജ്യങ്ങൾക്കും ഗുണം ലഭിക്കുന്ന തരത്തിൽ അതിനെ ഉപയോഗപ്പെടുത്താം എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന വാണിജ്യ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ. രണ്ടാം തവണയും അമേരിക്കയിൽ അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപ്, അമേരിക്കൻ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ വലിയ തീരുവ ചുമത്തുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് അതേ തരത്തിൽ തന്നെ തിരിച്ചും നികുതി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ആഗോള തീരുവ ഇതിനോടകം പ്രാബല്യത്തിൽ വരികയും ചെയ്തു. പിന്നാലെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന പ്രഖ്യാപനം യൂറോപ്യൻ യൂണിയനും കാനഡയും നടത്തി.
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്കും ഉയർന്ന തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഈ രാജ്യങ്ങളിൽ നിന്നും ഉണ്ടായി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് വലിയ തീരുവ ചുമത്തുന്നതിനെതിരെ പലവട്ടം ട്രംപ് ഇന്ത്യയെയും വിമർശിച്ചിരുന്നു. ഇന്ത്യയും മറ്റ് ചില രാജ്യങ്ങളും ഏർപ്പെടുത്തുന്ന വലിയ നികുതിയെ പക്ഷപാതപരമെന്ന് കഴിഞ്ഞയാഴ്ചയും വിശേഷിപ്പിച്ച ട്രംപ്, അമേരിക്കൻ ഉത്പന്നങ്ങൾക്ക് വലിയ തീരുലവ ചുമത്തുന്ന രാജ്യങ്ങൾക്കെതിരെ അടുത്ത മാസം മുതൽ അതേ തരത്തിൽ നികുതി ചുമത്തി തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.