ജിദ്ദ: അമേരിക്ക - യുക്രൈൻ നിർണായ ചർച്ചകൾ സൗദി അറേബ്യയിൽ തുടങ്ങി. യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രത്യേകം പ്രത്യേകം ചർച്ച നടത്തി. സമാധാന ശ്രമങ്ങൾ ഫലം കാണുന്നുവെന്ന് സൗദി - യുക്രൈൻ സംയുക്ത വാർത്തക്കുറിപ്പ് ഇറക്കി. റഷ്യ - യുക്രൈൻ യുദ്ധത്തിൽ സമാധാനത്തിനുള്ള വഴി തെളിയുമെന്ന പ്രത്യാശയാണ് സൗദി പ്രകടിപ്പിച്ചത്. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച അതിർത്തികളും പരമാധികാരവും അംഗീകരിച്ചുള്ള പരിഹാരം ഉണ്ടാവണമെന്നാണ് സൗദിയുടെ നിലപാട്. സമാധാന ശ്രമങ്ങളിൽ യുക്രൈൻ സൗദിക്ക് നന്ദി അറിയിച്ചു.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു ശേഷം യുക്രൈനും അമേരിക്കയും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക ചര്‍ച്ചകളാണ് സൗദിയിൽ നടക്കുക. യുക്രൈനും സെലൻസ്കിക്കും സൗദിയിലെ ചർച്ച അതിനിർണായകമാണ്. സെലൻസ്കിയുമായി തെറ്റിപ്പിരിഞ്ഞതോടെ യുക്രൈനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചുവരുന്ന ട്രംപിന്‍റെ മനസ് അലിയുമോ എന്നതും കണ്ടറിയണം. സൗദിയിലെ ചർച്ചകൾക്കെത്തും മുന്നേ അമേരിക്കയോട് മാപ്പ് പറഞ്ഞ സെലൻസ്കിയോട് ട്രംപ് കൂടുതൽ കടിപ്പിക്കാനിടയില്ലെന്നാണ് വിലയിരുത്തലുകൾ. യുക്രൈനിയന്‍ ധാതുക്കളുടെ വില്‍പ്പനയില്‍ നിന്ന് ഒരു സംയുക്ത ഫണ്ട് സൃഷ്ടിക്കുന്ന യു എസുമായി ധാതു കരാറില്‍ ഒപ്പുവെക്കാന്‍ രാജ്യം തയ്യാറാണെന്നടക്കം സെലന്‍സ്‌കി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സൗദിയിലെത്തിയ സെലൻസ്കിക്ക് ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. സെലന്‍സ്‌കിയുടെ വരവിനോടനുബന്ധിച്ച് ജിദ്ദയിലെ വിമാനത്താവളത്തിനടുത്തുള്ള പ്രധാന പാതകളില്‍ യുക്രൈന്‍, സൗദി പതാകകള്‍ ഉയർത്തിയിരുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സെലന്‍സ്‌കിയെ സ്വീകരിച്ചത്. ശേഷം ജിദ്ദയിൽ വച്ചാണ് യുക്രൈൻ പ്രസിഡന്‍റുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചർച്ച നടത്തിയത്.