സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. മുഖം മറയ്ക്കുന്ന മത വേഷം ധരിച്ച് മാത്രമേ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന് താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അകുൻസാദ ഉത്തരവിട്ടു. ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പഠനം താലിബാൻ അധികാരത്തിൽ വന്നതോടെ നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ചാര സ്വാതന്ത്ര്യം അടക്കം വിലക്കുന്ന പുതിയ ഉത്തരവ്. മുഖം മൂടാതെ പുറത്തിറങ്ങുന്ന സ്ത്രീകളുടെ രക്ഷിതാക്കൾ ശിക്ഷിക്കപ്പെടുമെന്നും ഉത്തരവിൽ പറയുന്നു. 1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത് ബുർഖ നിർബന്ധമായിരുന്നു. താലിബാന്‍റെ പുതിയ നിയമങ്ങളോടെ ലോകത്തെ ഏറ്റവും സ്ത്രീവിരുദ്ധമായ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യമായി അഫ്ഘാനിസ്ഥാൻ മാറിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ വന്നതോടെ വിനാശകരമായ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നത്. ഭക്ഷണത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും രൂക്ഷമായ ക്ഷാമത്തിന് പുറമേ, രാജ്യത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനകളും സംഭവിച്ച് കൊണ്ടിരിക്കയാണ്. പ്രത്യേകിച്ച്, താലിബാൻ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ ജീവിതം നാൾക്കുനാൾ ദുസ്സഹമാവുകയാണ്. കാബൂളിലെയും മറ്റ് പ്രവിശ്യകളിലെയും സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകരുതെന്ന നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ താലിബാൻ ഭരണകൂടം ബുർഖയും നിർബന്ധമാക്കി.