കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ജനത സർക്കാരിനെതിരെ കലാപത്തിലേക്ക് നീങ്ങിയതോടെ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ യുദ്ധക്കളമാകുന്നു. ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. രജപക്സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. പ്രതിഷേധക്കാർ പ്രധാന പാതകളെല്ലാം പിടിച്ചെടുത്ത് സർക്കാർ അനുകൂലികളെ ആക്രമിക്കുകയാണെന്നാണ് കൊളംബോയിൽ നിന്നുള്ള വിവരം.
പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റെയും വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. മുൻ മന്ത്രി നിമൽ ലൻസയുടെ വീടിനും തീയിട്ടിട്ടുണ്ട്. മറ്റൊരു എംപിയായ അരുന്ദിക ഫെർണാണ്ടോയുടെ വീടും തീവെച്ച് നശിപ്പിച്ചു.
ഇതുവരെ 150 ലേറെ പേർക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് വരുന്ന വിവരം. എംപിയടക്കം കൊല്ലപ്പെട്ടു. രാജ്യമാകെ കർഫ്യൂ പ്രഖ്യാപിച്ചു. തലസ്ഥാനത്ത് സൈന്യത്തെ ഇറക്കി. 1948 ൽ ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെതിരായ പ്രതിഷേധമാണ് കലാപത്തിലേക്കും കൊള്ളിവെപ്പിലേക്കും നീങ്ങിയത്.