April 25, 2024

Login to your account

Username *
Password *
Remember Me

ഒരു കരുതല്‍ വീട്ടിലും: ക്യാമ്പില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ അറിയണം ഈ കാര്യങ്ങള്‍

In a reserve home: These are the things you need to know when going home from camp In a reserve home: These are the things you need to know when going home from camp
തിരുവനന്തപുരം: മഴ കുറയുന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ കുറഞ്ഞ് വരുന്ന സ്ഥലത്തുള്ളവര്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വെള്ളപ്പൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ പാമ്പുകടി, വൈദ്യുതാഘാതം, പരുക്കുകള്‍, ജലജന്യ, ജന്തുജന്യ, കൊതുകുജന്യ, വായുജന്യ രോഗങ്ങള്‍, മലിനജലവുമായി സമ്പര്‍ക്കം മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ മറ്റൊരു ഗുരുതരമായ സാഹചര്യമുണ്ടാക്കും. അതിനാല്‍ തന്നെ വീട്ടിലെ താമസക്കാരും ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
പാമ്പ് കടി
വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ വളരെ പ്രധാനമാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുള്ള പ്രഥമ ശുശ്രൂഷയാണ് പ്രാഥമിക ലക്ഷ്യം. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കടിയേറ്റ വ്യക്തിയെ ഒരു നിരപ്പായ പ്രതലത്തില്‍ കിടത്തുക. മുറിവിന് മുകളില്‍ തുണി കെട്ടുന്നെങ്കില്‍ ഒരു വിരല്‍ ഇടാവുന്ന അകലത്തില്‍ മാത്രമേ കെട്ടാവൂ. അല്ലെങ്കില്‍ രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. എത്രയും വേഗം തൊട്ടടുത്തുള്ള ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുക.
വൈദ്യുതാഘാതം
വെള്ളമിറങ്ങുന്ന സമയത്ത് വീട് ശുചീകരിക്കാന്‍ പോകുന്നവര്‍ വൈദ്യുതാഘാതമേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വൈദ്യുതിയുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ട് മാത്രം അറ്റകുറ്റ പണികള്‍ ചെയ്യുക. വൈദ്യുതാഘാതമേറ്റെന്ന് തോന്നിയാല്‍ സുരക്ഷിതമായി വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുക. രോഗിക്ക് ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി ഹൃദയസ്പന്ദനവും ശ്വാസോഛ്വാസവും നിരീക്ഷിച്ച് സാധാരണ നിലയിലായെന്ന് ഉറപ്പു വരുത്തി വിദഗ്ധ വൈദ്യ സഹായം നല്‍കുക. ബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി, കഴുത്ത് ഒരു വശത്തേക്ക് ചരിച്ച്, താടി അല്‍പ്പം ഉയര്‍ത്തി, ശ്വാസതടസം ഇല്ലായെന്ന് ഉറപ്പു വരുത്തുകയും ഉടന്‍ വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക.
വിവിധതരം രോഗങ്ങള്‍
വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ ജലജന്യ രോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പാത്രങ്ങളും പച്ചക്കറികളും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ച് കഴുകുക.
വയറിളക്കം വന്നാല്‍ ഒ.ആര്‍.എസ്. ലായനി ആവശ്യാനുസരണം നല്‍കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം എന്നിവയും കൂടുതലായി നല്‍കുക. വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെള്ളവും കൂടുതലായി നല്‍കേണ്ടതുണ്ട്. വര്‍ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചര്‍മ്മം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞ നിറത്തിലുള്ള മൂത്രം തുടങ്ങിയ നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ആശുപത്രിയില്‍ എത്തിക്കുക.
മലിന ജലവുമായി സമ്പര്‍ക്കമുള്ളവരും സന്നദ്ധ പ്രവര്‍ത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍ ഗുളിക വാങ്ങി കൈയ്യില്‍ വയ്ക്കാതെ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.
ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ ഗുനിയ, വെസ്റ്റ് നൈല്‍ മുതലായ കൊതുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ വീടും പരിസരവും വൃത്തിയാക്കി കൊതുക് വിമുക്താക്കണം. ചിക്കന്‍പോക്‌സ്, എച്ച്1 എന്‍ 1, വൈറല്‍ പനി തുടങ്ങിയ വായുജന്യ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
കഴിയുന്നതും ചര്‍മ്മം ഈര്‍പ്പരഹിതമായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. മലിനജലത്തില്‍ ഇറങ്ങുന്നവര്‍ കൈയ്യും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതാണ്. ത്വക്ക് രോഗങ്ങള്‍, ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്ക് വൈദ്യസഹായം ഉറപ്പാക്കുക.
മാനസികാരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായ സംശയങ്ങള്‍ക്കും സേവനങ്ങള്‍ക്കും ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.