കൊച്ചി: കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീകളിൽ 14 ശതമാനം പേരിലും പൊതുവായി കാണപ്പെടുന്ന ഒന്നാണ് സ്തനാർബുദം. 29 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലയളവിൽ സ്തനാർബുദം ബാധിക്കുമെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഇവരിൽ 40% പേരിലും അവസാന ഘട്ടത്തിലാണ് (മൂന്നാമത്തെയോ നാലാമത്തെയോ ) രോഗ നിർണയം നടത്തുന്നത്.
പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി, വൈകിയുള്ള രോഗനിർണയം, മോശം ചികിത്സ സ്വീകരിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു. ഗ്രാമങ്ങൾ മറ്റ് ഉൾനാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പരിമിതമായ സ്ക്രീനിംഗ് സൗകര്യങ്ങൾ, സാമൂഹിക അവഗണന, രോഗനിർണയത്തെക്കുറിച്ചുള്ള ഭയം അല്ലെങ്കിൽ കുടുംബാംഗങ്ങളുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാനുള്ള മടി ,സ്തനപരിശോധന നടത്തുന്നതിനുള്ള ലജ്ജ, മറ്റ് കാര്യങ്ങൾക്ക് മുൻഗണന നൽകി രോഗ നിർണയം വൈകിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ രോഗത്തിന്റെ ഉയർന്ന ഘട്ടത്തിൽ നിന്നും രോഗികളുടെ അതിജീവന നിരക്ക് വലിയ തോതിൽ കുറയാൻ കാരണമാകുന്നു.
“കേരളത്തിലെ സ്ത്രീകളെ സ്തനാർബുദം കൂടുതലായി ബാധിക്കുന്നുണ്ട് , പ്രതിവർഷം മൊത്തം ജനസംഖ്യയിൽ 1,00,000 പേരിൽ 35 പേർക്ക് സ്തനാർബുദം ബാധിക്കുന്നു . ഏകദേശം ഒരു ദശാബ്ദം മുൻപാണ് ഈ രോഗം ഇന്ത്യക്കാരെ ബാധിക്കുന്നത്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, കൂടുതൽ കൊഴുപ്പുള്ള ഭക്ഷണം, കുറഞ്ഞ ശാരീരിക വ്യായാമം, ഉയർന്ന മാനസിക സമ്മർദ്ദം എന്നിവയുൾപ്പെടെയുള്ള കാരണങ്ങൾ മൂലം കേരളത്തിലെ സമ്പന്നരായ സ്ത്രീകളിൽ ഈ രോഗബാധ ഗണ്യമായി വർദ്ധിച്ചു. എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും ഈ രോഗബാധ കണ്ടുവരുന്നു. സ്തനാർബുദം ഒരു ഹോർമോണിനെ ആശ്രയിച്ചുള്ള രോഗാവസ്ഥ ആയതിനാൽ, ആർത്തവവിരാമം അല്ലെങ്കിൽ നേരത്തെയുള്ള ആർത്തവം തുടങ്ങി സ്ത്രീ ഹോർമോണുകളിലുണ്ടാകുന്ന വ്യതിയാനം രോഗസാധ്യത വർദ്ധിപ്പിക്കുന്നു. കാലതാമസം നേരിടുന്ന ആദ്യ പ്രസവം (30 വയസ്സിനു മുകളിൽ), ദീർഘനാളായുള്ള ഗർഭനിരോധന ഗുളികകളുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് മറ്റ് അപകട ഘടകങ്ങൾ. ഉയർന്ന രോഗനിരക്ക് കണക്കിലെടുത്തുകൊണ്ട് കേരളത്തിലെ സ്തനാർബുദ രോഗനിർണയം കൂടുതൽ കാര്യക്ഷമമാക്കുകയും അതിന്റെ ഫലമായി കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ദേശീയ ശരാശരിയെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള രോഗ നിർണയത്തിൽ കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു. കേരളത്തിലെ സ്ത്രീകൾക്ക് സ്തനാർബുദത്തെ പറ്റിയുള്ള അവബോധവും ഉയർന്ന സ്ത്രീ സാക്ഷരതയും ഇതിന് കാരണമായി കണക്കാക്കാം. ” കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ ഡയറക്ടറും സീനിയർ കൺസൾട്ടന്റും, മെഡിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ.എൻ.കെ. വാര്യർ അഭിപ്രായപ്പെട്ടു.
സർജറി, കീമോതെറാപ്പി, അല്ലെങ്കിൽ മറ്റ് മെച്ചപ്പെട്ട ടാർഗെറ്റ് ചികിത്സകൾ, ഹോർമോൺ തെറാപ്പികൾ എന്നിവയുൾപ്പെടെ വ്യക്തിയുടെ നിർദ്ദിഷ്ട കേസിനെ അടിസ്ഥാനമാക്കി സ്തനാർബുദത്തിന് വിവിധതരം ചികിത്സാ ഓപ്ഷനുകൾ ഇന്ന് ലഭ്യമാണ്.
സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിക്കുന്ന ഈ ഒക്ടോബറിൽ, രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും, അത് രോഗം മൂർച്ഛിച്ച അവസ്ഥയിൽ ആണെങ്കിൽ പോലും ഇന്ന് നിലവിലുള്ള ചികിത്സാ ഓപ്ഷനുകളുടെ ലഭ്യതയെക്കുറിച്ച് മെച്ചപ്പെട്ട അവബോധം വളർത്തേണ്ടത് വളരെ അനിവാര്യമാണ്