മാലിന്യം വലിച്ചെറിയുന്നത് തടയാൻ പ്ലാസ്റ്റിക് അറസ്റ്റ് നടത്തി ശുചിത്വ മിഷൻ.ആഘോഷങ്ങളുടെ രസച്ചരട് മുറിയാതെ ശ്രദ്ധിക്കേണ്ട ചില ശുചിത്വപാഠങ്ങൾ കൂടി ഈ ഓണക്കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നില്‍ ജില്ലാ ശുചിത്വ മിഷന്റെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണവും ശ്രദ്ധേയമാവുകയാണ്. കനകക്കുന്ന് കവാടത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന പ്ലാസ്റ്റിക് അറസ്റ്റിലൂടെ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണതയ്ക്ക് മാറ്റം വന്നിട്ടുണ്ട്.
കനകക്കുന്നിൽ ഓണാഘോഷം കൊടിയേറിയ ദിവസം മുതൽ ലക്ഷക്കണക്കിനാളുകളാണ് നഗരത്തിൽ വന്നുപോകുന്നത്. ആഘോഷങ്ങൾക്ക് ഭംഗി കൂടുമ്പോൾ കനകക്കുന്നിന്റെ സ്വാഭാവിക ഭംഗി നശിപ്പിക്കാതിരിക്കുക എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്.മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഓണാഘോഷങ്ങൾ പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് നടത്തുന്നത്. ഇതിനായി കനകക്കുന്നിനെ മാലിന്യ മുക്തമായി സംരക്ഷിക്കാൻ ഗ്രീൻ ആർമി 24 മണിക്കൂറും സജ്ജമാണ്.
ഹരിത പ്രോട്ടോകോൾ ഉറപ്പുവരുത്താൻ രണ്ട് ഷിഫ്റ്റുകളിലായി 50 ഗ്രീൻ ആർമി അംഗങ്ങളാണ് രംഗത്തുള്ളത്. സർവ്വ സന്നാഹങ്ങളുമായി ശുചിത്വ മിഷനും നഗരസഭയും ഒപ്പമുണ്ട്. ഉറവിട, ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിചയപ്പെടുത്തലും അവയുടെ പ്രവര്‍ത്തന രീതികളുടെ വിശദീകരണവുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബോധ വൽക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ശുചിത്വ മിഷന്‍ ആര്‍. പിമാരും(റിസോഴ്സ് പേഴ്സണ്‍ )നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരുമാണ് ബോധവല്‍ക്കരണം നടത്തുന്നത്. ഓരോ ഇടവേളകളിൽ ഹെൽത്ത് ഇൻപെക്ടർമാർ സ്റ്റാളുകളും ഫുഡ് കോർട്ടും സന്ദർശിച്ചു ബോധവൽക്കരണം നടത്തുന്നുണ്ട്. ജൈവ മാലിന്യ സംസ്‌കരണ ഉപകരണങ്ങള്‍ ഏതെല്ലാം, അവയുടെ പ്രവര്‍ത്തന രീതി, ലഭ്യത, വില വിവരങ്ങള്‍ എന്നിവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവര്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കും. പൊതുജനങ്ങള്‍ക്കിടയില്‍ ഉറവിട ജൈവമാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനും അവ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി ശുചിത്വമിഷന്റെ സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹരിത ചട്ടം പൂര്‍ണമായും പാലിച്ചാണ് കനകക്കുന്നിലും പരിസരത്തും ഓണം വാരാഘോഷം നടക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ആഘോഷ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ വ്യാപാരികള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് ലംഘിച്ചാലുള്ള ശിക്ഷാ നടപടികളെ കുറിച്ചും പ്രത്യേക ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്.
ഇനി ഉറപ്പായും പറയാം.... ഈ ഓണം ഗ്രീൻ ഓണം.