തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ മസ്തിഷ്കമരണാനന്തര അവയവദാനപദ്ധതിയായ മൃതസഞ്ജീവനി രൂപീകൃതമായശേഷം മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനത്തിനൊപ്പം ഹൃദയം മാറ്റിവച്ചത് 64 രോഗികളില്‍. 64-ാമത്തെ ഹൃദയം ഞായറാഴ്ച അങ്കമാലി അഡ്ലക്സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ആല്‍ബിന്‍ പോളില്‍ നിന്നും ചെന്നൈ റെല ആശുപത്രിയിലെ 51 കാരനായ രോഗിയ്ക്ക് വച്ചുപിടിപ്പിച്ചു. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം മന്ദീഭവിച്ച് ജീവിതപ്രതീക്ഷ മങ്ങിയ നിരവധി രോഗികള്‍ക്ക് ഇതോടെ മൃതസഞ്ജീവനിയായി മാറിയ അവയവദാനപദ്ധതി ജനങ്ങളില്‍ പുത്തന്‍ പ്രതീക്ഷയുമായി മുന്നേറുകയാണ്. അവയവദാനത്തിലൂടെ നിരവധി രോഗികള്‍ക്ക് പുതുജീവിതം നല്‍കിയ സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജും നല്‍കിവരുന്ന പിന്തുണ കേരളാ നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ (കെ എന്‍ ഒ എസ്) അഥവാ മൃതസഞ്ജീവനിയ്ക്ക് ഉത്തേജനമാകുന്നു.
2013 മുതല്‍ 2021 വരെയുള്ള കാലയളവില്‍ മൃതസഞ്ജീവനിയിലൂടെ 64 ഹൃദയങ്ങളാണ് മാറ്റിവച്ചത്. 2013-ല്‍ ആറ്, 2014-ല്‍ ആറ്, 2015-ല്‍ 14, 2016-ല്‍ 18, 2017-ല്‍ അഞ്ച്, 2018-ല്‍ നാല്, 2019-ല്‍ മൂന്ന്, 2020-ല്‍ അഞ്ച്, 2021 ഒക്ടോബര്‍ 24 വരെ മൂന്ന് എന്നിങ്ങനെയാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നത്. സംസ്ഥാനത്തിനകത്തു നടന്ന ഏഴുതവണയും സംസ്ഥാനത്തിനു പുറത്ത് ഹൃദയം മാറ്റിവയ്ക്കലിനും സംസ്ഥാനത്തിനു പുറത്ത് 13 തവണയും എയർ ആംബുലൻസിൻ്റെ സഹായത്തോടെയാണ് ഹൃദയം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ഇതില്‍ നിര്‍ധന രോഗികള്‍ക്ക് എത്രയുംവേഗം ഹൃദയം മാറ്റിവച്ച് അവരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് എയർ ആംബുലൻസ് ഏര്‍പ്പാടാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്‍റെ വലിയതോതിലുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംലാബീവി, ജോയിന്‍റ് ഡി എം ഇ ഡോ തോമസ് മാത്യു, മൃതസഞ്ജീവനിയുടെ സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറാ വര്‍ഗീസ്, സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, വിവിധ ആശുപത്രികളിലെ ട്രാന്‍സ്പ്ലാന്‍റ് പ്രൊക്യുവര്‍മെന്‍റ് മാനേജര്‍മാര്‍, ട്രാന്‍സ്പ്ലാന്‍റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്‍റെ വിശ്രമരഹിതമായ പ്രവര്‍ത്തനം മൂലമാണ് ഹൃദയം ഉള്‍പ്പെടെയുള്ള അവയവദാനപ്രക്രിയ സുഗമമാകുന്നത്.