പൊന്മുടി ഗവ.യുപി സ്‌കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ വന്യമൃഗങ്ങളുടെ ശല്യം കാരണം കുട്ടികൾ സ്‌കൂളിൽ വരാതിരിക്കുകയും സുരക്ഷാ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ബാലാവകാശ കമ്മീഷൻ ഇവിടെ സന്ദർശനം നടത്തി. കമ്മീഷൻ അംഗം എൻ. സുനന്ദയുടെ നിർദ്ദേശ പ്രകാരം സ്‌കൂൾ ഉൾപ്പെടുന്ന വസ്തുവിന്റെ വിസ്തീർണ്ണം തിട്ടപ്പടുത്തി. സ്‌കൂൾ അധികാരികൾ രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് വനം വകുപ്പ് സ്ഥലം വിട്ടുനൽകാനും സ്‌കൂളിൽ വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് ചുറ്റുമതിൽ നിർമ്മിക്കാനും കമ്മീഷൻ നിർദ്ദേശം നൽകി.
താലൂക്ക് സർവേയർ, ഫോറസ്റ്റ് സർവേയർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, ഡിസ്ട്രിക്റ്റ് എഡ്യൂക്കഷൻ ഓഫീസർ, ആറ്റിങ്ങൽ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ, കുളത്തൂപ്പുഴ റേയ്ഞ്ച് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ്, റവന്യൂ ഓഫീസർ, സ്‌കൂൾ ഹെഡ്മാസ്റ്റർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സർവ്വേ നടപടി പൂർത്തിയാക്കിയത്. സ്‌കൂളിന് ചുറ്റുമതിൽ സ്ഥാപിക്കാത്തതിനാൽ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിക്കു ന്നതായ മാധ്യമ വാർത്തയെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത നടപടിയെ തുടർന്നാണ് സന്ദർശനം നടത്തിയത്.