2023-24 അധ്യയന വർഷത്തെ ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പ് എല്ലാ വി.എച്ച്.എസ്.ഇ, എൻ.എസ്.എസ് യൂണിറ്റുകളിലും ഓഗസ്റ്റ് 11 മുതൽ 14 വരെ സംഘടിപ്പിക്കും. സംസ്ഥാനമൊട്ടാകെ 341 ക്യാമ്പസുകളിലായി എൻ.എസ്.എസിൽ പുതിയതായി എൻറോൾ ചെയ്യപ്പെട്ട പതിനേഴായിരത്തോളം ഒന്നാം വർഷ വിദ്യാർത്ഥി വോളണ്ടിയർമാരുടെ നേതൃത്വത്തിലാണ് നാലു പ്രധാന കർമ്മ പദ്ധതികളുമായി ക്യാമ്പ് നിർവഹിക്കപ്പെടുന്നത്. വനിത ശിശു വികസന വകുപ്പുമായി സഹകരിച്ച് നടത്തുന്ന ‘തുല്യം’ പദ്ധതിയുടെ ഭാഗമായി ലിംഗ ഭേദ വിവേചനങ്ങൾക്കും സ്ത്രീ ചുഷണങ്ങൾക്കുമെതിരെ വിദ്യാർഥികളിലൂടെ ജനകീയ ശ്രദ്ധ ക്ഷണിക്കുവാൻ ക്യാമ്പ് സായഹ്നത്തിൽ സ്‌കൂളിനു സമീപമുള്ള തെരുവിൽ ജനപങ്കാളിത്തത്തോടെ സമത്വ ജ്വാല തെളിയിച്ച് സമത്വ പ്രതിജ്ഞ ചൊല്ലി സംസ്ഥാനമൊട്ടുക്കും മിനി ക്യാമ്പുകൾ ഉദ്ഘാടനം ചെയ്യും.
ഇതോടൊപ്പം ‘തുല്യം’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ സ്‌കൂൾ എൻ.എസ്.എസ് ദത്തു ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് ലിംഗ ഭേദ വിവേചനങ്ങൾക്കും സ്ത്രീധനത്തിനുമെതിരെ ഫീൽഡ് ജെൻഡർ ഇക്വാലിറ്റി ആഡിറ്റ് നടത്തും. ‘ദൃഢഗാത്രം’ പദ്ധതിയിലൂടെ ആരോഗ്യ വകുപ്പ് എൻ.സി.ഡി സെല്ലുമായി സഹകരിച്ച് കിടപ്പു രോഗികളെ ഭവന സന്ദർശനം നടത്തി ജീവിത ശൈലീ രോഗ നിർണ്ണയ ടെസ്റ്റുകൾ സൗജന്യമായി വിദ്യാർഥികൾ തന്നെ ചെയ്തു കൊടുക്കുകയും അടുക്കള കലണ്ടർ വിതരണം ചെയ്യുകയും ചെയ്യും.
സ്‌കൂളിനടുത്തുളള വയോജന മന്ദിരങ്ങളിൽ വിദ്യാർഥികൾ വയോജനങ്ങളെ സന്ദർശിച്ച് ആവശ്യങ്ങൾ മനസ്സിലാക്കി സഹായം എത്തിച്ചുകൊടുക്കുവാനും ആത്മവിശ്വാസം പകരുവാനും ശ്രമിക്കുന്ന വോളണ്ടിയർ ശ്രമദാനമായ 'വയാഹിതം' പദ്ധതിയിലും വോളണ്ടിയർമാർ പങ്കെടുക്കും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ.എ.എസ് ക്യാമ്പ് പ്രൊജക്റ്റ് തീം പോസ്റ്റർ പുറത്തിറക്കി. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ.അൻസർ ആർ.എൻ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ ജി. ശ്രീധർ ഗുരു എന്നിവർ ചടങ്ങിൽ മുഖ്യാഥികളായിരുന്നു.