May 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: സംരംഭങ്ങൾക്ക് സുരക്ഷിതമായ അടുത്ത തലമുറ കണക്ടിവിറ്റി സൊല്യൂഷൻ നൽകുന്നതിനായി രാജ്യത്തെ പ്രധാന സ്വകാര്യ ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളിലൊരാളായ എയർടെല്ലിന്‍റെ നീക്കം. ബിസിനസ്‌ ഫോർട്ടിനെറ്റുമായി കൈകോർത്ത് 'എയർടെൽ സെക്യൂർ ഇന്‍റർനെറ്റ്‌' അവതരിപ്പിച്ചു. എയർടെല്ലിന്‍റെ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയും ഫോർട്ടിനെറ്റിന്‍റെ അടുത്ത തലമുറ ഫയർവാളും ചേർന്നാണ് ഇന്‍റര്‍നെറ്റ് ലീസ് ലൈൻ സർക്യൂട്ടുകളുടെ സുരക്ഷ വർധിപ്പിക്കുക.
ദില്ലി: നല്ല വിശപ്പുള്ളപ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തിട്ട് ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നത് മൂഡ് കളയുന്ന കാര്യമാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇതിനൊരു പരിഹാരം കണ്ടിരിക്കുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമായ സ്വിഗ്ഗി. ബോള്‍ട്ട് എന്നാണ് 10 മിനിറ്റില്‍ ഭക്ഷണം എത്തിക്കുന്ന സ്വിഗ്ഗിയുടെ പുതിയ പ്ലാറ്റ്‌ഫോമിന്‍റെ പേര്. വീട്ടിലൊരു അതിഥി വന്നാല്‍ വെറും പത്ത് മിനിറ്റ് കൊണ്ട് അയാള്‍ക്ക് ഉഗ്രനൊരു വെല്‍ക്കം ഡ്രിങ്കോ സ്നാക്‌സോ ആവശ്യമെങ്കില്‍ കനത്തില്‍ ഫുഡോ നല്‍കാന്‍ ഈ സേവനം ഉപയോഗിച്ചാല്‍ മതിയാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവ‍ർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്‍മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. 1960ലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉൾപ്പെടെ 9 മണിക്കൂർ ആണ്. ഇത് സ്‌പ്രെഡ് ഓവർ ഉൾപ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും വർഷം 12 കാഷ്വൽ ലീവ്, 12 വാർഷിക ലീവ്, 12 സിക്ക് ലീവ് എന്നിവയ്ക്ക് അർഹതയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
ദുബായ്: വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും സെമിയിലെത്തുക ഇന്ത്യക്ക് എളുപ്പമാവില്ല. പാകിസ്ഥനെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഏഴ് പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. വിജയത്തിലും നെറ്റ് റണ്‍റേറ്റില്‍ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്.
മുള്‍ട്ടാൻ: ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം പാകിസ്ഥാന്‍ മികച്ച നിലയില്‍. ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെയും ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്‍റെയും സെഞ്ചുറികളുടെ മികവില്‍ ആദ്യ ദിനം പാകിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 35 റണ്‍സോടെ സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്‌മാന്‍ നസീം ഷായും ക്രീസില്‍.
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം ലീഡ് ചെയ്യുന്നു. മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഈ മണ്ഡലത്തിൽ മുന്നിലുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് എതിരാളികൾ.
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. ശ്വാസകോശത്തില്‍ വീക്കം ഉണ്ടായതിനെ തുടര്‍ന്നാണ് രാജാവിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയതെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് രാജാവിന് വൈദ്യപരിശോധന നടത്തിയത്. സല്‍മാന്‍ രാജാവിന്‍റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. മേയ് മാസത്തില്‍ ജിദ്ദയിലെ അല്‍ സലാം പാലസിലെ റോയല്‍ ക്ലിനിക്കില്‍ നടത്തിയ ആദ്യ വൈദ്യപരിശോധനയില്‍ സല്‍മാന്‍ രാജാവിനെ ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു.
ദുബൈ: ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പട്ടികയിലെ ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്.
മസ്കറ്റ്: ഒമാനില്‍ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് അനുസരിച്ച് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിങ്കള്‍ മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. അല്‍ ഹാജര്‍ മലനിരകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിലപ്പോള്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്ക് പുറമെ മണിക്കൂറില്‍ 28 മുതല്‍ 37 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. ഇത് ദൂരക്കാഴ്ച കുറയാന്‍ ഇയാക്കും. ബുറൈമി, ദാഹിറ, ദാഖിലിയ, വയക്കന്‍ ബത്തിന, തെക്കന്‍ ബത്തിന, ഹാജര്‍ മലനിരകളും സമീപ പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന ധനസഹായത്തിന് അവസരം. മൂന്നു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണയായി ധനസഹായം ലഭിക്കുക. അപേക്ഷാ ഫോറം നോര്‍ക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അവശ്യ രേഖകളായ, ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2024 ഒക്ടോബര്‍ 30 ന് അകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക-റൂട്ട്സ് , നോര്‍ക്ക സെന്‍റര്‍, 3-ാം നില, തൈയ്ക്കാട്, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ തപാലായി ലഭ്യമാക്കേണ്ടതാണ്. സഹകരണ സംഘങ്ങളുടെ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം രജിസ്ട്രേഷന് ശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ചു വന്നവരായിരിക്കണം. ബൈലോയില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്‍റെ മുന്‍ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.