തിരുവനന്തപുരം: ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും ആകാശത്ത് നിന്ന് വിമാനങ്ങളിൽ പുഷ്പവൃഷ്ടിയുണ്ടാകും. കഴിഞ്ഞ 40 വർഷങ്ങളായി ആകാശത്തിൽ നിന്നുള്ള പുഷ്പവൃഷ്ടി ഉണ്ടായിരുന്നെങ്കിലും ഇത്തവണ എയർപോർട്ട് റൺവേ നവീകരണം കാരണം ഒഴിവാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി തുടരുന്ന ആചാരം എന്ന നിലയിൽ ഒരു ദിവസത്തെ അറ്റകുറ്റപ്പണി നിർത്തിവച്ച് അനുമതി നൽകുകയായിരുന്നു.
ചാക്കയിലുള്ള രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ നിന്നുളള ചെറുവിമാനങ്ങളിൽ നിന്നാണ് പൊങ്കാലയുടെ ഭാഗമായി പുഷ്പവൃഷ്ടി നടത്തുക. ആദ്യ 25 വർഷത്തോളം മഞ്ഞപക്കി എന്ന് നാട്ടുകാർ വിളിക്കുന്ന മഞ്ഞ നിറം പൂശിയ പുഷ്പക് വിമാനത്തിലായിരുന്നു പുഷ്പവൃഷ്ടി നടത്തിയത്. തുടർന്നാണ് സെസ്ന 172-R എന്ന വിമാനങ്ങളുപയോഗിച്ച് പുഷ്പവൃഷ്ടി നടത്തിവന്നത്.
ക്ഷേത്രപരിസരത്തെ ആകാശത്ത് 1000 അടി ഉയരത്തിലെത്തുന്ന വിമാനങ്ങളിൽ ഒന്നിൽ നിന്ന് ക്ഷേത്രവളപ്പിലേക്ക് പുഷ്പവൃഷ്ടി നടത്തും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായി നിലവിൽ വിമാനത്താവളം പകൽ അടച്ചിട്ടിരിക്കുകയാണ്. റൺവേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്.
ജനുവരി 14-ന് തുടങ്ങിയ നിർമാണം മാർച്ച് 29-നു പൂർത്തിയാക്കും. ഈ ദിവസങ്ങളിൽ രാവിലെ ഒൻപത് മണിമുതൽ വൈകീട്ട് ആറുമണി വരെ റൺവേ അടച്ചിടുകയാണ് പതിവ്.ഈ നേരങ്ങളിൽ വന്നുപോകുന്ന വിമാന സർവീസുകളുടെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾപ്രകാരം മതിയായ ഘർഷണം ഉറപ്പാക്കിയാണ് റൺവേയുടെ പുനർനിർമാണം. ഇത് ഒരു ദിവസത്തേക്ക് നിർത്തി വച്ചാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നതന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.