കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിൽ മാതൃക പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ക്ഷേമ നിധി ബോർഡുകളിലൂടെ തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങൾ വിപുലമാക്കുമെന്നും പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകി വരുന്ന പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്കുള്ള അംഗങ്ങളുടെ അപേക്ഷകൾ സ്വീകരിക്കുന്നതിനും ആനുകൂല്യം നൽകുന്നതിനുമുള്ള ഓൺലൈൻ സംവിധാനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ബോർഡിന്റെ നേതൃത്വത്തിൽ വിവാഹ ചികിൽസ വിദ്യാഭ്യാസ സഹായങ്ങൾ, പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ എന്നിവ നിലവിൽ നൽകി വരുന്നുണ്ട്. സ്ഥാപനത്തിന്റെ വലിപ്പ, ചെറുപ്പമോ തൊഴിലാളികളുടെ എണ്ണമോ മാനദണ്ഡമാക്കാതെ കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ക്ഷേമനിധിയുടെ ഭാഗമാകാൻ അവസരം സൃഷ്ടിച്ചു. കെ എസ് എഫ് ഇ കളക്ഷൻ ഏജന്റുമാർ, പൗൾട്രി മേഖലയിലെ തൊഴിലാളികൾ, ഫോട്ടോഗ്രാഫേഴ്‌സ്, മെഡിക്കൽ റപ്രസന്റേറ്റിവ്‌സ്, സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കുൾപ്പെടെ സുരക്ഷിതത്വമൊരുക്കാൻ കഴിഞ്ഞു. 15 ലക്ഷം അംഗങ്ങളും 332 കോടി രൂപ സ്ഥിര നിക്ഷേപവും ഇന്ന് ബോർഡിനുണ്ട്. 4475 അംഗങ്ങൾക്ക് ക്ഷേമനിധിയിൽ നിന്നും പെൻഷൻ ലഭ്യമാക്കുന്നു.
പൊതുജന താൽപര്യം മുൻനിർത്തിയാണ് അംശാദായം അടക്കുന്നതിനായി ഓൺലെൻ സംവിധാനമടക്കമുള്ള സംവിധാനങ്ങൾ സംസ്ഥാന ഗവൺമെന്റ് സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2021-22 അദ്ധ്യയനവർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡുകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ രാജഗോപാൽ, കെ ജയകുമാർ, ബോർഡംഗം പി സജി, സി ഇ ഒ എം ഷജിന തുടങ്ങിയവർ പങ്കെടുത്തു.