സംസ്ഥാനത്ത് കെട്ടിട നിർമാണ വസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടാൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉള്ളതുപോലെ റെഗുലേറ്ററി സംവിധാനം കൊണ്ടുവരാൻ കഴിയുമോ എന്ന് സർക്കാർ ആലോചിക്കുമെന്ന് വ്യവസായ, ഖനന മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ക്വാറി ഉടമകൾ പ്രഖ്യാപിച്ച ക്വാറി അടച്ചിടൽ സമരം ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. അടിസ്ഥാനരഹിതമായ കാരണങ്ങളാണ് സമരത്തിനായി ഉന്നയിച്ചിട്ടുള്ളത്. 2015 ലെ കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ 2023 ൽ കാലാനുസൃതമായി ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് റോയൽറ്റി നിരക്കുകളിൽ ചെറിയ വർധന മാത്രമാണ് സർക്കാർ നടപ്പാക്കിയത്. മെട്രിക് ടണ്ണിന് 24 രൂപയുള്ളത് 48 രൂപയാക്കിയാണ് കൂട്ടിയത്. കേന്ദ്ര നിയമമനുസരിച്ച് മൂന്നുവർഷം കൂടുമ്പോൾ വില വർധിപ്പിക്കേണ്ടതുണ്ട്. എന്നാൽ 2015 ന് ശേഷം ആദ്യമായാണ് സംസ്ഥാന സർക്കാർ ചുരുങ്ങിയ വിലവർധന നടപ്പാക്കിയത്.
ഇക്കാരണം ഉന്നയിച്ചാണ് ക്വാറി ഉടമകൾ സമരത്തിനിറങ്ങിയത്. റോയൽറ്റി വർധന കാലാനുസൃതമായി മാത്രമാണെന്ന് വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി. കർണാടകയിൽ മെട്രിക് ടണ്ണിന് 100 രൂപ ഈടാക്കുമ്പോൾ കേരളത്തിൽ ചട്ടഭേദഗതിക്ക് ശേഷവും 48 രൂപയാണ്. എം-സാൻഡിന് റോയൽറ്റിയിലും ഡീലേഴ്‌സ് ലൈസൻസ് ഫീസ് ഇനത്തിലുമായി 2.83 രൂപയാണ് വർധിപ്പിച്ചത്. മെറ്റലിന് 2.56 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ ഇത് ചൂണ്ടിക്കാട്ടി ഭീമമായ വർധനവാണ് നിർമാണ വസ്തുക്കൾക്ക് ജനങ്ങളിൽനിന്ന് ക്വാറി ഉടമകളും ഡീലർമാരും ഈടാക്കുന്നത്. റോയൽറ്റി വർധനവിന് ആനുപാതികമായി പരമാവധി ഒന്നോ രണ്ടോ രൂപ വർധിപ്പിക്കേണ്ടിടത്താണ് അഞ്ചു രൂപ വരെ ക്വാറി ഉടമകൾ കൂട്ടിയത്.
സർക്കാർ ടൺ പ്രകാരമാണ് വില വർധിപ്പിച്ചതെങ്കിൽ അടി കണക്കിലാണ് ക്വാറി ഉടമകൾ എം-സാൻഡും മെറ്റലും മറ്റും വിൽക്കുന്നത്. മാത്രമല്ല റോയൽറ്റി വർധന നടപ്പാക്കുന്നതിനു മുമ്പ് തന്നെ നിർമാണ വസ്തുക്കളുടെ വില കൂട്ടിയിരുന്നു. പിഴ സംഖ്യ വർധിപ്പിച്ചത് ശരിയല്ല എന്നാണ് ക്വാറി ഉടമകളുടെയും ഡീലർന്മാരുടെയും മറ്റൊരു പരാതി. എന്നാൽ നിയമപരമായി ക്വാറി നടത്തുന്നവർക്ക് ഇതൊരു പ്രശ്‌നമേ അല്ലെന്ന് മന്ത്രി വ്യക്തമാക്കി. പിഴയും ശിക്ഷയും കുറവായതിനാലാണ് ക്വാറി മേഖലയിൽ നിയമലംഘനങ്ങൾ വ്യാപകമായത്. അത് ഒഴിവാക്കാനാണ് പിഴ വർധിപ്പിച്ചത്. തുടർച്ചയായി ക്വാറി അടച്ചിടാനാണ് ഉദ്ദേശമെങ്കിൽ ക്വാറികളുടെ പെർമിറ്റിന്റേയും ലീസിന്റേയും കാര്യത്തിൽ നിയമപരമായി എന്ത് ചെയ്യാനാവും എന്ന് സർക്കാർ ആലോചിക്കുമെന്ന് മന്ത്രി രാജീവ് വ്യക്തമാക്കി. ഈ വർഷം ഏപ്രിലിന് മുമ്പ് നടന്ന ചട്ടലംഘനങ്ങൾ ചട്ടഭേദഗതിക്ക് മുൻപുള്ള നിയമം വെച്ചാണ് നടപടി സ്വീകരിക്കുക. ഇതിനു വേണ്ടി പ്രത്യേക അദാലത്ത് നടത്തും. ക്വാറിക്കാർ ഉന്നയിച്ച മറ്റ് പ്രശ്‌നങ്ങളിൽ പ്രായോഗിക പരിഹാരം സർക്കാർ ആരായുമെന്നും നിയമം പാലിച്ച് ക്വാറി നടത്തുന്നവർക്ക് എല്ലാ പിന്തുണയും നൽകുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.