തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്‍റെ ഉപകമ്പനിയായ സ്കൂട്ടിന് ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ (ഐഎടിഎ) പൂര്‍ണ അംഗത്വം ലഭിച്ചു. എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ സുരക്ഷയ്ക്കായി ഐഎടിഎ ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റ് (ഐഒഎസ്എ) മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിമാനക്കമ്പനികള്‍ക്കു മാത്രമാണ് ഐഎടിഎ അംഗത്വം ലഭിക്കുക.
ഒരു ഐഎടിഎ അംഗമാകാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉയര്‍ത്തിപ്പിടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണിത്. പത്തുവര്‍ഷമായി പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുവാനും ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യാത്രയുടെ മൂല്യങ്ങളെ പുനര്‍നിര്‍വചിക്കുവാനും മെച്ചപ്പെടുത്തുവാനുമുള്ള പുതുവഴികള്‍ തുറക്കുവാന്‍ തുടര്‍ന്നും കഴിയുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് സ്കൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലെസ്ലി തങ് പറഞ്ഞു.
കുറഞ്ഞ നിരക്കിലുള്ള യാത്ര ലഭ്യമാക്കുന്ന വിമാനക്കമ്പനിയായ സ്കൂട്ടിന്‍റെ അംഗത്വം അസോസിയേഷനില്‍ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ക്കു വഴിതെളിക്കുമെന്ന് സ്കൂട്ടിനെ സ്വാഗതം ചെയ്തുകൊണ്ട് ഐഎടിഎയുടെ ഏഷ്യാ പസഫിക്ക് റീജണല്‍ വൈസ് പ്രസിഡന്‍റ് ഫിലിപ്പ് ഗോഹ് പറഞ്ഞു.
ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ വിമാന സര്‍വീസുകള്‍ നടത്തുന്ന എയര്‍ലൈനുകള്‍ക്കാണ് ഐഎടിഎ അംഗത്വം ലഭിക്കുക. ഒരു എയര്‍ലൈനിന്‍റെ പ്രവര്‍ത്തനവും നിയന്ത്രണ സംവിധാനങ്ങളും വിലയിരുത്തുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്നതും അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ടതുമായ ഐഒഎസ്എ പ്രോഗ്രാമിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്നത് ഐഎടിഎ അംഗത്വത്തിനുള്ള വ്യവസ്ഥയാണ്. വ്യോമയാന സുരക്ഷയും, പ്രവര്‍ത്തനക്ഷമതയും മികവും, സുസ്ഥിരത, വ്യോമയാന വ്യവസായ പ്രൊഫഷണലുകളുടെ കഴിവുകള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ ഐഎടിഎ പരിശീലന പരിപാടിക ളിലേക്ക് ഈ അംഗത്വം സ്കൂട്ടിന് അവസരം നല്‍കുന്നു.