November 21, 2024

Login to your account

Username *
Password *
Remember Me

സംസ്ഥാനത്തെ വിഭവശേഷി വികസനത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: ധനമന്ത്രി

ഫോട്ടോ: സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്ക് പരിശീലനമൊരുക്കാന്‍ കേരള ഐ.ടി പാര്‍ക്ക്‌സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പൈലറ്റ് ലോഞ്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കുന്നു ഫോട്ടോ: സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്ക് പരിശീലനമൊരുക്കാന്‍ കേരള ഐ.ടി പാര്‍ക്ക്‌സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പൈലറ്റ് ലോഞ്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വിഭവശേഷി വികസനത്തിന് വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ പരിശീലനമൊരുക്കാന്‍ കേരള ഐ.ടി പാര്‍ക്ക്‌സിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പൈലറ്റ് ലോഞ്ച് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കില്‍ ഡെവലപ്പ്‌മെന്റ്, ഫിനിഷിങ് തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു പദ്ധതിക്ക് പിന്നില്‍. കഴിവുള്ള പുതു തലമുറയ്ക്ക് പരിശീലനവും ജോലി ചെയ്യാനാവശ്യമായ സൗകര്യങ്ങളും ഒരുക്കും. ആദ്യ ഘട്ടത്തില്‍ 1500 പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനാണ് പദ്ധതിയെങ്കിലും മുന്നോട്ട് വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും കമ്പനികളുടെ താല്‍പര്യവും പരിഗണിച്ച് പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ടെക്‌നോപാര്‍ക്ക് ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രിയും കഴക്കൂട്ടം എം.എല്‍.എയുമായ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരളാ സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് സ്വാഗതമാശംസിച്ചു. എ.പി.ജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ്, ജിടെക് സെക്രട്ടറി ശ്രീകുമാര്‍ വി, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവര്‍ സംസാരിച്ചു. ഐ.സി.ടി അക്കാദമി ഓഫ് കേരള സി.ഇ.ഒ സന്തോഷ് സി. കുറുപ്പ് നന്ദി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് ഐ.ടി പാര്‍ക്കുകളായ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടി ഓഗസ്റ്റ് മാസം ആരംഭിക്കും. സ്‌കില്‍ ഡെവലപ്പ്‌മെന്റിനായി 2023ല്‍ 5000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് വഴി വേണ്ട പരിശീലനം നല്‍കുക എന്ന ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആയിരത്തി അഞ്ഞൂറ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനാണ് പദ്ധതി. ആറുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ മാസം 5000 രൂപ വരെ സര്‍ക്കാര്‍ വിഹിതമായി നല്‍കുകയും കുറഞ്ഞത് ഇതേ തുക തന്നെ നിയമിക്കുന്ന സ്ഥാപനം നല്‍കുകയും ചെയ്യും. ഐ.ടി, ഐ.ടി ഇതര വ്യവസായങ്ങളുടെ ആവശ്യത്തിന് മതിയായ പരിശീലനം ലഭിച്ചവരുടെ അപര്യാപ്തത പരിഹരിക്കാനായാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ 20 കോടി രൂപ വകയിരുത്തി ആറ് മാസക്കാലത്തെ ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടി വിഭാവനം ചെയ്തത്.

പദ്ധതിയുടെ ഭാഗമായി ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും സൈബര്‍പാര്‍ക്കിലുമുള്ള 300ലധികം കമ്പനികളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഐ.സി.ടി അക്കാദമി കേരള, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ച് നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി (https://ignite.keralait.org) എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷാഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷനും ഇന്റര്‍വ്യൂവും വഴി ഇന്റേണ്‍ഷിപ്പിന് അവസരം നേടാം.
Rate this item
(0 votes)
Last modified on Friday, 22 July 2022 06:45

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.