കോഴിക്കോട്: കേരളത്തിലെ പ്രമുഖ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ വാട്ടില്‍കോര്‍പ്പ് കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി ആനന്ദ് ആര്‍.കെ, വാട്ടില്‍കോര്‍പ്പ് സ്ഥാപകരായ സുഹൈര്‍ .ഇ, കളത്തില്‍ കാര്‍ത്തിക് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ലോകപ്രശസ്ത പേറ്റന്റ് ട്രോള്‍ പ്രൊട്ടക്ഷന്‍ നെറ്റ്വര്‍ക്കിന്റെ ഇന്ത്യന്‍ പ്രതിനിധി അഡ്വ. ബിജു കെ. നായര്‍, സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളുടെ ഡയറക്ടര്‍മാര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കമ്പനിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സൈബര്‍ സെക്യൂരിറ്റി പ്രമേയമാക്കി രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ക്യാംപെയിനിനും ഉദ്ഘാടന വേളയില്‍ തുടക്കം കുറിച്ചു. കാര്‍ത്തിക്, സുഹൈര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2018 ല്‍ ബാംഗ്ലൂരിലാണ് വാട്ടില്‍കോര്‍പ്പ് പ്രവര്‍ത്തനമാരംഭിച്ചത്. യു.എസ്, യു.കെ, യു.എ.ഇ, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവയുള്‍പ്പെടെ അഞ്ച് വ്യത്യസ്ത ആഗോള മേഖലകളില്‍ നിന്നുള്ള ക്ലയന്റുകള്‍ക്കും വാട്ടില്‍കോര്‍പ്പ് സേവനം നല്‍കുന്നുണ്ട്.