തിരുവനന്തപുരം: ഐ.ടി പാര്‍ക്കുകളിലെ ആദ്യ മിയാവാക്കി വനം ടെക്‌നോപാര്‍ക്കിന് സ്വന്തം. 20 സെന്റ് സ്ഥലത്ത് ഒരുക്കിയ മിയാവാക്കി വനത്തില്‍ 210 വിവിധ സ്പീഷീസുകളിലെ 1300ലധികം മരങ്ങളാണുള്ളത്. കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സിന്റെയും വിവിധ കമ്പനികളുടെയും സഹകരണത്തോടെ ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ്ബ് ഒരുക്കിയ വനത്തിന്റെ ഉദ്ഘാടനം ശശി തരൂര്‍ എം.പി നിര്‍വഹിച്ചു. പാര്‍ക്ക്‌സെന്ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ്, ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ് പ്രസിഡന്റ് ഹരീഷ് മോഹന്‍, സെക്രട്ടറി മനു മാധവന്‍, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ. ശ്രീനിവാസന്‍, ടെക്‌നോപാര്‍ക്ക് റോട്ടറി ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെക്‌നോപാര്‍ക്ക് ആരംഭിക്കുന്നതിന് മുന്‍പുണ്ടായിരുന്ന ജൈവ ആവാസ വ്യവസ്ഥ ഒരു പരിധി വരെ പുനഃര്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ടിന്റെ ഭാഗമായുള്ള എന്റെ ഗ്രാമം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദീ കാ അമൃത് മഹോത്സവ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് മിയാവാക്കി വനം ടെക്‌നോപാര്‍ക്കില്‍ സൃഷ്ടിച്ചെടുത്തത്.