കോഴിക്കോട്: യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോളജി സ്ഥാപനമായ ഫ്രസ്റ്റണ്‍ അനലിറ്റിക്സ് കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സൈബര്‍പാര്‍ക്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബിജേഷ്, സെക്രട്ടറി കം എച്ച്.ആര്‍ കോ-ഓര്‍ഡിനേറ്റര്‍ അനുശ്രീ, കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.
ബ്രിട്ടീഷ് ടെലികോം (ബി.ടി) പോലുള്ള കമ്പനികള്‍ക്ക് ടി.സി.എസ്, ഇന്‍ഫോസിസ്, യു.കെ ആസ്ഥാനമായുള്ള ഒക്ടോപസ് സിസ്റ്റംസ് തുടങ്ങിയ സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രീമിയം സോഫ്റ്റ്വെയര്‍ സാങ്കേതികവിദ്യ നല്‍കുന്നതിലാണ് ഫ്രസ്റ്റണ്‍ അനലിറ്റിക്‌സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
രണ്ട് പേരുള്ള ഒരു സ്റ്റാര്‍ട്ടപ്പില്‍ നിന്ന് ആറ് മാസം കൊണ്ട് മുപ്പതംഗ ടീമിലേക്കുള്ള ഫ്രസ്റ്റണിന്റെ വളര്‍ച്ച അഭിമാനകരമാണെന്ന് കമ്പനി സി.ഇ.ഒ മുഹമ്മദ് മുഖ്താര്‍ പറഞ്ഞു. സൈബര്‍പാര്‍ക്കിലേക്കുള്ള ചുവടുവെയ്പ്പ് ഫ്രസ്റ്റണിന്റെ മറ്റൊരു തുടക്കമാണ്. ഇന്റര്‍നാഷണല്‍ ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്തെ കമ്പനിയുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്കും കഴിവുറ്റ പുതു തലമുറയ്ക്ക് അവസരങ്ങളൊരുക്കാനും സൈബര്‍പാര്‍ക്കിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പ് മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രസ്റ്റണിന്റെ ഡാറ്റാ എന്‍ജിനിയറിങ് ടീമില്‍ ഏകദേശം 80 ശതമാനം പേരും സ്ത്രീകളാണ്. പിന്നോക്ക വിഭാഗത്തിലെയും യാഥാസ്ഥിതിക സമൂഹത്തിലെയും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനായി ഈ വര്‍ഷാവസാനം കമ്പനി ഒരു പുതിയ ക്യാംപയിന്‍ ആരംഭിക്കുമെന്നും ക്ലൗഡ് അഗ്നോസ്റ്റിക് സൊല്യൂഷന്‍സില്‍ പരിശീലനം നല്‍കി ഒരു ടാലന്റ് പൂള്‍ സൃഷ്ടിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.