തിരുവനന്തപുരം: ഹെല്‍ത്ത് കെയര്‍ ഐ.ടി രംഗത്തെ പ്രമുഖരായ ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക് സൊല്യൂഷന്‍സ് ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുടങ്ങി. ടെക്‌നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം കമ്പനി എം.ഡി ആന്‍ഡ് ഫൗണ്ടര്‍ ഡോ. ഷബീര്‍ അലി നിര്‍വഹിച്ചു. ഡയറക്ടര്‍ ആന്‍ഡ് ഫൗണ്ടര്‍ മുഷീര്‍ അലി, സി.ഒ.ഒ ആന്‍ഡ് കോ - ഫൗണ്ടര്‍ ഫര്‍ഹാന അബ്ദുള്‍ ഖാദര്‍, സി.ടി.ഒ ആന്‍ഡ് കോ - ഫൗണ്ടര്‍ അനസ് ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2013 മുതല്‍ ഹെല്‍ത്ത് കെയര്‍ ഐ.ടി മേഖലയില്‍ സജീവമായ ഹോഡോ ക്ലിനിക്കുകള്‍ക്കും ഡയഗ്നോസ്റ്റ്ക് സെന്ററുകള്‍ക്കും ആവശ്യമായ സേവനങ്ങളാണ് നല്‍കുന്നത്. നാല് ദശലക്ഷത്തിലധികം രോഗികള്‍ക്ക് ഇതിനോടകം സേവനം നല്‍കാന്‍ ഹോഡോ മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക് സൊല്യൂഷന്‍സിനായിട്ടുണ്ട്. നാഷണല്‍ റിസോഴ്‌സ് സെന്റര്‍ ഫോര്‍ ഇ.എച്ച്.ആര്‍ സ്റ്റാന്‍ഡേര്‍ഡ്‌സിലും (എന്‍.ആര്‍.സി.ഇ.എസ്) ഇന്ത്യയുടെ ഔദ്യോഗിക ടെലിമെഡിസിന്‍ രജിസ്ട്രിയിലും ലിസ്റ്റ് ചെയ്ത ആദ്യത്തെ കമ്പനികളിലൊന്നാണ് ഹോഡോ.
2013ല്‍ രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റില്‍ ആരംഭിച്ച ഹോഡോയ്ക്ക് ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉപഭോക്താക്കളുണ്ടെന്ന് ഡോ. ഷബീര്‍ അലി പറഞ്ഞു. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും ഗുജറാത്ത് മുതല്‍ അസം വരെയും കമ്പനി വളര്‍ന്നു. രാജ്യത്തിന് പുറത്തെക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ടെക്‌നോപാര്‍ക്കിലേക്കുള്ള കമ്പനിയുടെ വിപുലീകരണം ഇതിനെല്ലാം സഹായകരമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.