കൊച്ചി: മെഡിക്കല്‍ ഉപകരണങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന, വിതരണ രംഗത്ത് ചുരുങ്ങിയ കാലയളവില്‍ ഇന്ത്യയിലെ മുന്‍നിര ഇ-മാര്‍ക്കറ്റ്‌പ്ലേസ് ആയി മാറിയ കൊച്ചി ആസ്ഥാനമായ ബി ടു ബി സ്റ്റാര്‍ട്ടപ്പ് കോഗ്‌ലാന്‍ഡ് കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ഒരു വര്‍ഷത്തിനിടെ പത്തിരട്ടിയിലേറെ വരുമാന വര്‍ധന. ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ കുറഞ്ഞ ചെലവില്‍ വേഗത്തില്‍ സംഭരിക്കാവുന്ന പ്ലാറ്റ്‌ഫോമാണ് കോഗ്‌ലാന്‍ഡ്. മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങിയാണ് കോഗ്‌ലാന്‍ഡ് ഓണ്‍ലൈന്‍ മുഖേന ഇവ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നത്. ഉപകരണങ്ങളുടെ സംഭരണം, ലഭ്യത, വിലയിലെ ചാഞ്ചാട്ടം, ഉല്‍പ്പന്നങ്ങളുടെ തിരഞ്ഞെടുപ്പ്, വിതരണം തുടങ്ങിയ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് കോഗ്‌ലാന്‍ഡ് ചെയ്തത്. കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ കമ്പനിയുടെ സേവനത്തിന് രാജ്യത്തുടനീളം ആവശ്യക്കാരുമേറി. കോവിഡ് കാരണം വിപണിയിലുണ്ടായ വന്‍ ഡിമാന്‍ഡും സമ്പര്‍ക്കരഹിത ഇടപാടുകള്‍ക്ക് ലഭിച്ച സ്വീകാര്യതയുമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പത്തിരട്ടിയിലേറെ വരുമാനം നേടാന്‍ സഹായകമായതെന്ന് കോഗ്‌ലാന്‍ഡ് കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഓയും മാനേജിങ് ഡയറക്ടറുമായ വര്‍ഗീസ് സാമുവല്‍ പറഞ്ഞു.
രാജ്യം കോവിഡ് മഹാമാരിയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ സമ്പര്‍ക്കരഹിത ഡെലിവറി വഴി മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണവും സംഭരണവും സുരക്ഷിതവും സമയബന്ധിതവുമാക്കാന്‍ കോഗ് ലാന്‍ഡ് കൂടുതല്‍ ഡിജിറ്റല്‍ സാധ്യതകളെ ഉപയോഗപ്പെടുത്തി. ആശുപത്രികളിലേയും ക്ലിനിക്കുകളിലേയും സ്റ്റോക്ക് തീരുന്നത് ഒഴിവാക്കാന്‍ ഞങ്ങളുടെ ടീം വിതരണത്തിനായി മുഴുസമയവും ജോലി ചെയ്തു- അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ സാങ്കേതികവിദ്യ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെങ്കിലും ഉപകരണങ്ങളുടെ വിതരണ ശൃംഖലയും സംഭരണവും ഇപ്പോഴും പഴയപടി തന്നെയാണ്. ഇത് ഉപകരണങ്ങളുടെ ലഭ്യതയില്‍ കാലതാമസവും ഉണ്ടാക്കുന്നു. വിപണിയിലുള്ള വ്യാജ ഉല്‍പ്പന്നങ്ങളും മറ്റൊരു പ്രശ്‌നമാണ്. ഇതെല്ലാം പരിഹരിച്ച് ഇടനിലക്കാരും നീണ്ട പ്രക്രിയയും മീറ്റുങ്ങുകളുമൊന്നും ആവശ്യമില്ലാത്ത ബി ടു ബി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആണിത്- വര്‍ഗീസ് സാമുവല്‍ പറഞ്ഞു.
അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന 50ലേറെ കമ്പനികള്‍ ഇന്ന് കോഗ്‌ലാന്‍ഡ് വഴി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഓതറൈസ് ചെയ്ത അക്കൗണ്ട് ലഭ്യമായാല്‍ ഡോക്ടര്‍മാര്‍ക്കും ഫാര്‍മസികള്‍ക്കും, നഴ്‌സുമാര്‍ക്കും ടെക്‌നീഷ്യന്‍സിനും ഏതു മെഡിക്കല്‍ ഉപകരണവും കോഗ്‌ലാന്‍ഡ് വഴി നേരിട്ടു വാങ്ങാം. വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കുന്ന കമ്പനി കൊച്ചിയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. വിവിധ വകുപ്പുകളിലായി കൂടുതല്‍ ജീവനക്കാരെ വൈകാതെ റിക്രൂട്ട് ചെയ്യും. കൊച്ചി ഇന്‍ഫോപാര്‍ക്കിലും തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും സാന്നിധ്യമുള്ള യുഎസ് ഐടി കമ്പനി ഫിന്‍ജെന്റ് ടെക്‌നോളജീസിന്റെ സഹോദര സ്ഥാപനമായി 2015ല്‍ ഇന്‍ഫോപാര്‍ക്കിലാണ് കോഗ്‌ലാന്‍ഡിന്റെ തുടക്കം.