മലപ്പുറം: മലപ്പുറം ടൗണ്‍ ഹാളില്‍ മൂന്ന് മാസം മുമ്പ് ആരംഭിച്ച കോവിഡ് ചികില്‍സാ കേന്ദ്രം അടച്ച് പൂട്ടാനുള്ള തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്ന് ഐ എന്‍ എല്‍. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ എസ്. മുജീബ് ഹസ്സന്‍ ആരോപിച്ചു.മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന സി എഫ് എല്‍ ടി സി. കേന്ദ്രം അടച്ചുപൂട്ടി അവിടെയുള്ള ഫര്‍ണിച്ചര്‍ ഉള്‍പ്പടെ ഉപയോഗപ്പെടുത്തിയാണ് മലപ്പുറം നഗരസഭയുടെ പ്രത്യേക ചികിത്സാകേന്ദ്രം എന്ന രീതിയില്‍ നഗരസഭയും, മുസ്ലീം ലീഗ് ഭരിക്കുന്ന ജില്ലാ സഹകരണ ആശുപത്രിയും ചേര്‍ന്ന് ടൗണ്‍ ഹാളില്‍ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. ഇതിന്റെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. പ്രത്യേക നോട്ടീസ് അടിച്ച് പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഇതിനായി വലിയ രീതിയില്‍ ധന സമാഹരം നടത്തിയിരുന്നു. വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ കോവിഡ് ചികിത്സക്കായി സൗജന്യമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.
കൊള്ളയടിക്കാനുള്ള പണ സമാഹരണം പൂര്‍ത്തിയായതോടെ സെന്റര്‍ പൂട്ടി തടിതപ്പാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രതിഷേധം ഉയരണമെന്നും, സഹകരണ സ്ഥാപനങ്ങളില്‍ നിന്നടക്കം ലക്ഷങ്ങള്‍ വാങ്ങി നടത്തിയ ഫണ്ട് സമാഹരണത്തെ കുറച്ച് അന്യേഷണം നടത്തണമെന്നും, കോവിഡ് ചികിത്സയ്ക്കുവേണ്ടി സര്‍ക്കാരില്‍ നിന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും ലഭിച്ച മുഴുവന്‍ ഉപകരണങ്ങളും സര്‍ക്കാരിലേക്ക് തിരിച്ച് നല്‍കണമെന്നും മുജീബ് ഹസ്സന്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും, മുജീബ് ഹസ്സന്‍ പരാതി നല്‍കി.