ദില്ലി: യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് 20 ചര്‍ച്ചകളില്‍. യുഎസില്‍ ചെലവിട്ട 65 മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്രയധികം ചര്‍ച്ചകളില്‍ പ്രധാനമന്ത്രി പങ്കെടുത്തത് എന്നുള്ളതാണ് ശ്രദ്ധേയം. ഇതുകൂടാതെ, യഎസിലേക്കും അവിടെ നിന്നുള്ള മടക്കയാത്രയിലും വിമാനത്തില്‍ വച്ച് വളരെ നീണ്ട നാല് ചര്‍ച്ചയും മോദി നടത്തിയതായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച യുഎസിലേക്ക് ഉള്ള യാത്രയില്‍ രണ്ട് ചര്‍ച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്.
അവിടെ എത്തിയ ശേഷം ഹോട്ടലില്‍ വച്ച് മൂന്ന് ചര്‍ച്ചകള്‍ നടന്നു. സെപ്റ്റംബര്‍ 23ന് വിവിധ കമ്പനികളുടെ സിഇഒകളുമായി അഞ്ച് ചര്‍ച്ചയാണ് മോദി നടത്തിയത്. തുടര്‍ന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായുള്ള ചര്‍ച്ച നടന്നു. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവരും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ആഭ്യന്തര ചര്‍ച്ചകളും മോദി നടത്തി. സെപ്റ്റംബര്‍ 24 വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ നരേന്ദ്ര മോദി സന്ദർശിച്ചത് . ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിന് ശേഷം നാല് ആഭ്യന്തര ചര്‍ച്ചകളാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനിടെ വിമാനത്തില്‍ വച്ച് രണ്ട് ചര്‍ച്ചകളില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തതായും പിഐബി വൃത്തങ്ങള്‍ അറിയിച്ചു.