November 24, 2024

Login to your account

Username *
Password *
Remember Me

ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ലഭ്യം: മുഖ്യമന്ത്രി

Queue management system available in all eHealth hospitals: CM Queue management system available in all eHealth hospitals: CM
തിരുവനന്തപുരം: രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി ഒപി യിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാവും. അതുപോലെതന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ഒരു രോഗിയെ റഫര്‍ ചെയ്യുന്ന പക്ഷം അവര്‍ക്ക് മുന്‍കൂര്‍ ടോക്കണ്‍ ലഭ്യമാക്കാനും ഈ സൗകര്യം വഴി കഴിയും. ഓണ്‍ലൈന്‍ അപ്പോയ്ന്‍മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി ലഭ്യമാണ്. രോഗികള്‍ക്ക് വീട്ടിലിരുന്നുതന്നെ ഡോക്ടറെ വീഡിയോകോള്‍ മുഖേന കണ്ട് ചികിത്സ തേടുന്നതിനുള്ള ടെലിമെഡിസിന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിലായി 50 ആശുപത്രികളിലെ ഇ ഹെല്‍ത്ത് സംവിധാനം, എല്ലാ ജില്ലകളിലും വെര്‍ച്ച്വല്‍ ഐടി കേഡര്‍, ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ ഡയബറ്റിക് റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റെറ്റിനല്‍ ഇമേജ് ക്വാളിറ്റി അസെസ്‌മെന്റ് & ഫീഡ്ബാക്ക് ജനറേഷന്‍, ബ്ലഡ് ബാഗ് ട്രെയ്‌സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങള്‍, ബ്ലോക്ക്‌ചെയിന്‍ അധിഷ്ഠിത വാക്‌സിന്‍ കവറേജ് അനാലിസിസ് സിസ്റ്റം എന്നീ നൂതന പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ പൗരനും ഓരോ ഇലക്‌ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്നതാണ് ലക്ഷ്യം. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ചികിത്സാരേഖകളും ഇതുമായി ലിങ്കുചെയ്ത് സൂക്ഷിക്കും. ഏതു സര്‍ക്കാര്‍ ആശുപത്രിയിലും ഈ രേഖകള്‍ ചികിത്സയുടെ സമയത്ത് ലഭ്യമാക്കാനും കഴിയും. 311 ആശുപത്രികളില്‍ ഇതിനോടകം തന്നെ ഇഹെല്‍ത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ ഉണ്ടായ ഭൗതിക മാറ്റങ്ങള്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് സഹായകരമായിട്ടുണ്ട്. ഈ പദ്ധതി ഇപ്പോള്‍ 50 ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. ഇതിനുപുറമെ 349 ആശുപത്രികളില്‍ക്കൂടി ഇഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ 349 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് അനുമതിയും നല്‍കി.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ നൂറുകോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്കായി ചെലവഴിച്ചത്. ആകെയുള്ള 1,284 സര്‍ക്കാര്‍ ആശുപത്രികളില്‍ 707 സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം അടുത്തുതന്നെ പൂര്‍ണമായും ലഭ്യമാകും. ശേഷിക്കുന്ന 577 ആശുപത്രികളില്‍ കൂടി ഇഹെല്‍ത്ത് സോഫറ്റ് വെയര്‍ പൂര്‍ണതോതില്‍ വികസിപ്പിച്ച് സമ്പൂര്‍ണ ഇഹെല്‍ത്ത് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ സമ്പന്നര്‍ക്ക് മാത്രം ചികിത്സ ലഭിക്കുകയും സാധാരണക്കാര്‍ ചികിത്സകിട്ടാതെ തെരുവില്‍ അലയുകയും ചെയ്യുന്ന ചിത്രം നമ്മുടെ മുന്നിലുള്ളതാണ്. പക്ഷെ നമ്മുടെ സംസ്ഥാനത്ത് ആരെയും സര്‍ക്കാര്‍ കൈവിട്ടിട്ടില്ല. എല്ലാവരെയും ചേര്‍ത്തു പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായാണ് സര്‍ക്കാര്‍ കാണുന്നത്. അതിന്റെ ദൃഷ്ടാന്തമാണ് ഇഹെല്‍ത്ത് പദ്ധതി കൂടുതല്‍ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമയ ബന്ധിതമായി മുഴുവന്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്
സമയ ബന്ധിതമായി സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശുപത്രികള്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആ ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പിലാക്കുന്നതാണ്.
വിവര, വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ ഹെല്‍ത്ത് പദ്ധതി ആശുപത്രികളില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. 150 ഓളം സ്ഥാപനങ്ങളില്‍ 5 മാസത്തിനുള്ളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനമുള്ള കാര്യമാണ്. ഈ സ്ഥലങ്ങളില്‍ ഓണ്‍ ലൈന്‍ ടോക്കണ്‍ സമ്പ്രദായം ലഭ്യമാണ്.
5 വര്‍ഷം കൊണ്ട് ജീവിതശൈലീ രോഗങ്ങള്‍ വലിയ രീതിയില്‍ കുറച്ച് കൊണ്ടുവരാനുള്ള പ്രയത്‌നത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. വ്യക്തികളുടെ ആരോഗ്യ ചികിത്സാ ഡേറ്റ വളരെ പ്രധാനപ്പെട്ടതാണ്. ഡേറ്റ ശേഖരണത്തില്‍ ഇ ഹെല്‍ത്ത് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. നിപ വൈറസ് സമയത്ത് ഫീല്‍ഡ്തല സര്‍വയലന്‍സിന് ഇ ഹെല്‍ത്തിന്റെ സോഫ്റ്റുവെയര്‍ വലിയ സഹായമായിരുന്നു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ വളരെ പെട്ടന്നാണ് ഇ ഹെല്‍ത്ത് തയ്യാറാക്കിയത്. കോവിഡ് ഡാഷ് ബോര്‍ഡും ഇ ഹെല്‍ത്താണ് വികസിപ്പിച്ചത്. പഞ്ചായത്തടിസ്ഥാനത്തില്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഒരു ഡാഷ് ബോര്‍ഡ് ലഭ്യമാക്കാനാണ് അടുത്തതായി ഇ ഹെല്‍ത്ത് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ആരോഗ്യ വകുപ്പിലേയും ഇ ഹെല്‍ത്തിലേയും കെ ഡിസ്‌കിലേയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.