കേരളത്തില്‍ അതിതീവ്രമായ മഴയ്ക്ക് സാധ്യത - വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇന്ന്(നവംബര്‍ 14 ഞായര്‍) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മി മുതല്‍ 204.4 മി.മി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ / അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തില്‍ അതിശക്ത മഴ സാധ്യത.
ബംഗാള്‍ ഉള്‍കടലില്‍ തെക്കു ആന്‍ഡമാന്‍ കടലില്‍ തായ്ലന്‍ഡ് തീരത്തിനോട് ചേര്‍ന്ന് ഇന്നലെ (13 നവംബര്‍ ശനി) രാവിലെ 8.30 ന് ന്യുന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബര്‍ 15 ഓടെ വടക്ക് ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്കു ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്രാ തീരത്തു പ്രവേശിക്കാന്‍ സാധ്യത.
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ അപകട സാധ്യതയുള്ള മലയോര മേഖലകളില്‍ ഉള്ളവര്‍ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറേണ്ടതാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.
അതിതീവ്രമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്.