November 24, 2024

Login to your account

Username *
Password *
Remember Me

തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഡിസംബർ 16ന്

Lulu Mall, Thiruvananthapuram will be inaugurated on December 16 Lulu Mall, Thiruvananthapuram will be inaugurated on December 16
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു.
 
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ,  ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളുവെന്നും കൂടുതൽ ആളുകളെ ചടങ്ങിലേക്ക് ക്ഷണിക്കാൻ സാധിക്കാത്തതിൽ ദു:ഖമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു.
 
ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം  ചതുരശ്രയടി വിസ്തീർണ്ണത്തിൽ  ടെക്നോപാർക്കിനു സമീപം ആക്കുളത്ത് പണിത തിരുവനന്തപുരം ലുലു മാൾ. 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം   ലുലു കണക്ട്, ലുലു സെലിബ്രേറ്റ്,  200-ൽ പരം രാജ്യാന്തര ബ്രാൻഡുകൾ, 12 സ്ക്രീൻ സിനിമ, 80,000 ചതുരശ്രയടിയിൽ കുട്ടികൾക്കായി ഏറ്റവും വലിയ  എൻ്റർടെയിന്മെൻ്റ് സെൻ്റർ,  2,500 പേർക്കിരിക്കാവുന്ന വിശാലമായ ഫുഡ്കോർട്ട്, എന്നിവ മാളിൻ്റെ മറ്റ് പ്രധാന ആകർഷണങ്ങളാണ്.
 
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം ഉൾപ്പെടെയുള്ള മാളിൻ്റെ വിശാല പാർക്കിംഗ് സൗകര്യം മറ്റ് ആകർഷണങ്ങളിലൊന്നാണ്. ഇതിൽ  മാൾ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, അഞ്ഞൂറ് വാഹനങ്ങൾക്കുള്ള ഓപ്പൺ പാർക്കിംഗ് സൗകര്യവും ഉൾപ്പെടെയാണിത്.  
ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ്  പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും മാളിൽ ക്രമീകരിച്ചിട്ടുണ്ട്.   മാളിൻ്റെ രൂപരേഖ തയ്യാറാക്കിയ ബ്രിട്ടീഷ് ആർക്കിടെക്ട് സ്ഥാപനമായ ഡിസൈൻ ഇൻ്റർനാഷണലാണ് മാളിൻ്റെ ട്രാഫിക് ഇംപാക്ട് പഠനവും നടത്തിയത്.
 
ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ അനുമതികളും വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ഇതിനകം ലഭിച്ചു കഴിഞ്ഞതായി ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് സദാനന്ദൻ നായർ  അറിയിച്ചു,
 
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് സൗകര്യത്തിനായി ഡിസംബർ 17  വെള്ളിയാഴ്ച   മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നും  ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു
Rate this item
(0 votes)
Last modified on Monday, 08 November 2021 18:02
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.