തിരു : ആസൂത്രണ ബോർഡിന്റെ ആദ്യ യോഗം കൈക്കൊണ്ടത് സംസ്ഥാന വികസനത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങൾ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുസമീപനത്തിലും ആസൂത്രണ ബോർഡിന്റെ ആദ്യയോഗം തീരുമാനമെടുത്തു. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ സാമൂഹികാവശ്യങ്ങൾക്കുള്ള ചെലവഴിക്കലുകൾ, സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയിൽ ഊന്നിയുള്ള പുരോഗതി ലക്ഷ്യംവയ്ക്കുന്നു.
പ്രവർത്തനങ്ങളുടെ സമയക്രമത്തിനും യോഗം അംഗീകാരം നൽകി. 2022-23 വാർഷിക പദ്ധതിക്ക് 2021 ഡിസംബറിൽ അന്തിമരൂപം നൽകും. പഞ്ചവത്സര പദ്ധതി യുടെ സമീപന രേഖ തയ്യാറാക്കുന്നതിനും പദ്ധതി രൂപീകരിക്കുന്നതിനും സഹായകരമാകുന്നതിനു വേണ്ടി വ്യത്യസ്ത മേഖലകളിൽ വർക്കിംഗ് ഗ്രൂപ്പുകൾ രൂപീക രിച്ച് അവയുടെ യോഗങ്ങൾ ചേർന്നു തുടങ്ങി. പ്രധാനമായിട്ടും 50 വർക്കിംഗ് ഗ്രൂപ്പുകൾക്ക് രൂപം നൽകിയിട്ടുണ്ട്. അതിനുള്ളിൽ ആവശ്യകതയ്ക്കനുസരിച്ച് സബ് ഗ്രൂപ്പുകളും രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. ഓരോ വർക്കിംഗ് ഗ്രൂപ്പുകളിലും 25 മുതൽ 40 വരെ അംഗങ്ങൾ വരെയുണ്ട്. ഇതിൽ അതാതു മേഖലകളി ലെ അക്കാദമിക പണ്ഡിതർ, ഉദ്യോഗസ്ഥർ, വിദ്ഗദ്ധർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി മേഖലയുമായി ബന്ധപ്പെട്ട എല്ലാതലത്തിലുള്ളവരും ഉൾപ്പെടുന്നു. അടുത്ത അഞ്ചുവർഷം സംസ്ഥാനത്ത് ഓരോ മേഖലകളിലും നടപ്പിലാക്കേണ്ടുന്ന പദ്ധതികളും സംസ്ഥാനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുന്ന പരിപാടി കളും വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശിക്കും. വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ടുകളെത്തുടർന്ന് പഞ്ചവത്സര പദ്ധതി രൂപീകരണത്തിലേക്ക് ആസൂത്രണ ബോർഡ് കടക്കും.