തിരുവനന്തപുരം: ജല ദുരന്തങ്ങളെ കുറിച്ചുള്ള ബോധവൽക്കരണത്തിൻറെ ഭാഗമായി തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയറ്ററിൽ "ഡാം 999 "എന്ന ചലച്ചിത്രം സൗജന്യമായി പ്രദർശിപ്പിക്കുന്നു. സോഹൻ റോയ് ആണ് ചിത്രത്തിൻറെ സംവിധായകൻ. ഒക്ടോബർ 30 ശനിയാഴ്ച മുതലാണ് ചിത്രം സൗജന്യമായി പ്രദർശിപ്പിക്കുന്നത്. ബ്ലൂറേ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ദൃശ്യമികവോടെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ് , തമിഴ് ഭാഷകളിൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണെന്നും തീയറ്റർ അധികൃതർ അറിയിച്ചു. രാവിലെ 11: 30ന് മലയാള ഭാഷയിലും, വൈകിട്ട് മൂന്ന് മണിക്ക് ഇംഗ്ലീഷും, രാത്രി 7ന് തമിഴ് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
കഥയ്ക്ക് മുല്ലപ്പെരിയാർ ഡാമുമായി സാമ്യമുണ്ട് എന്നുള്ള കാരണത്താൽ
പത്തു വർഷം കഴിഞ്ഞിട്ടും ചിത്രത്തിന് തമിഴ്നാട്ടിൽ വിലക്ക് തുടരുന്നു. ചിത്രം മുന്നോട്ടു വെയ്ക്കുന്ന സന്ദേശം ജനങ്ങളിൽ ഭീതി പരത്തും എന്നാരോപിച്ചാണ് തമിഴ്നാട് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
10 വർഷത്തിനു ശേഷവും സിനിമ സജീവ ചർച്ചാവിഷയമായിരിക്കുകയാണ് ഇപ്പോൾ. 2011 -ൽ റ്റുഡിയിൽ നിന്ന് ത്രീഡിയിലേക്കുള്ള കൺവേർഷൻ ടെക്നോളജിയിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു ഇത്. പതിനാറു ദേശീയ പുരസ്കാരജേതാക്കൾ അണിനിരന്ന ഈ ചിത്രത്തിന് ഓസ്കാറിന്റെ ചുരുക്കപ്പട്ടിക ഉൾപ്പെടെയുള്ള ഇരുപത്തി മൂന്നോളം അന്താരാഷ്ട്ര അംഗീകാരങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു. നൂറ്റിമുപ്പതോളം ഫിലിം ഫെസ്റ്റിവലുകളിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് നിർമിച്ച ഒരു നൂറ്റാണ്ട് പഴക്കമുള്ള ഗുരുതരാവസ്ഥയിലായ ഒരു അണക്കെട്ടിനെകുറിച്ചും അത് തകരുമ്പോൾ ഉണ്ടാവുന്ന ദുരന്തത്തെക്കുറിച്ചുമുള്ള വിശദമായ കഥയാണ് ഈ സിനിമയിലൂടെ സംവിധായകൻ ഡോ. സോഹൻ റോയ് പ്രേക്ഷകരിലേക്കെത്തിയ്ക്കുന്നത്.