മാനവ വിഭവ ശേഷി കുറവായ ആരോഗ്യ വകുപ്പിൽ കടുത്ത മാനസിക സമ്മർദത്തിലും ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ അധിക ജോലി ചെയ്തുമാണ് സർക്കാർ ഡോക്ടർമാർ കോവിഡിനോടൊപ്പം കോവിഡേതര ചികിത്സയും മറ്റു പ്രതിരോധ പ്രവർത്തനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭരണ നിർവ്വഹണവും നടത്തുന്നത്. ദിവസേന പതിനായിരത്തിനടുത്ത് പുതിയ കോവിഡ് രോഗികൾ ഇന്നും ഉള്ള നമ്മുടെ സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കി അവരെ പിരിച്ചു വിട്ടിരിക്കുകയാണ്. ഇത്തരത്തിൽ അമിത ജോലിഭാരം പേറുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്കരണം വന്നപ്പോൾ അവരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും ഇതിൽ ചിലതു മാത്രം.
ഈ കാര്യങ്ങൾ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു വിധ പരിഗണയും വിഷയത്തിൽ ഉണ്ടായിട്ടില്ല. കോവിഡ് കാലത്തും ഈ കടുത്ത അവഗണനയും നീതി നിഷേധം സർക്കാർ ഡോക്ടർമാരോടുണ്ടായതിനെ തുടർന്ന് കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരസ്യ പ്രതിഷേധത്തിന് നിർബന്ധിതമായി.
രോഗീ പരിചരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സമര മുറകളാണ് സംഘടന നിലവിൽ തുടർന്നുകൊണ്ടിരിക്കുന്നത്. ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടാണ് ഇപ്പോൾ പ്രതിഷേധിക്കുന്നത്. ഇതോടൊപ്പം ഗാന്ധിജയന്തി ദിവസം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരവും നടത്തി.
ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് ഭാവിക്കുന്ന സർക്കാരിന് മുന്നിൽ സമരം കൂടുതൽ ശക്തിപ്പെടുത്താൻ സംഘടന നിർബന്ധിതമാവുകയാണ്.
ഇതിന്റെ ഭാഗമായി കേരള പിറവി ദിനമായ നവംബർ 1 മുതൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ നിൽപ്പ് സമരം ആരംഭിക്കുകയാണ്. ഇതിൻ്റെ ഉദ്ഘാടനം രാവിലെ പത്തു മണിക്ക് കെ ജി എം ഒ എ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ: എസ് പ്രമീളദേവി നിർവ്വഹിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ - ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകും.
ഈ പ്രതിഷേധവും സർക്കാർ അവഗണിക്കുകയാണെകിൽ നവംബർ 16 ന് ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ കൂട്ട അവധി എടുത്തു കൊണ്ട് പ്രതിഷേധത്തിലേക്ക് നീങ്ങുന്നതായിരിക്കും. കോവിഡ്, നിപ്പ തുടങ്ങിയ മഹാമാരികൾക്കെതിരെ സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് അതിൻ്റെ മുന്നണിയിൽ നിന്ന് പൊരുതുന്ന ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം. ഈ ധർമ സമരത്തിന് എല്ലാ വിഭാഗവും ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ കെ ജി എം ഒ എ അഭ്യർത്ഥിക്കുന്നു.