തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിലെ ഒരു ഷട്ടർ കൂടി ഉയർത്തിയതായി സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 30സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ഷട്ടർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കാൻ ആരംഭിച്ചു.നിലവിലുള്ള ജലനിരപ്പിനെക്കാൾ അരയടിയിൽ താഴെ വെള്ളം മാത്രമായിരിക്കും പെരിയാറിൽ ഉയരുക. അതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയ്ക്ക് പിന്നാലെ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെയാണ് തുറന്നത്. സ്പില്‍വേയിലെ മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നിത്. 35 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുക. നിലവില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതായാണ് വിവരം. ജലനിരപ്പ് 138.75 അടിയായി ഉയര്‍ന്നതിന് പിന്നാലെയാണ് ഡാം തുറന്നത്.
ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി 339 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, റവന്യു മന്ത്രി കെ.രാജന്‍ എന്നിവര്‍ പ്രദേശത്ത് തുടരുകയാണ്. ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്നും തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. ജനസുരക്ഷയ്ക്കാണ് മുന്‍കരുതല്‍ നല്‍കുന്നതെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.