തിരുവനന്തപുരം; രാജ്യത്തെ വർഗീയ കക്ഷികൾക്കെതിരെ ശക്തമായി പോരാടുവാനും കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻഡിഎ സർക്കാരിനെ ചെറുത്ത് തോൽപ്പിക്കുവാനുമായി പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യമാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. അതിന് പ്രധാന പങ്ക് വഹിക്കാൻ കേരള കോൺഗ്രസ് (എം) നാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് കേരള കോൺഗ്രസ് (എം) ന്റെ ഏകദിന ജില്ലാ നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് (എം) ഉയർത്തിക്കൊണ്ട് വന്ന കർഷ രാഷ്ട്രീയം കേരളത്തിന്റേയും , രാജ്യത്തിന്റേയും പൊതു രാഷ്ട്രീയത്തിന്റെ ഭാഗമാക്കുവാൻ കേരള കോൺഗ്രസ് (എം) ന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇന്ന് മറ്റ് രാഷ്ട്രീയ കക്ഷികളും അത് ഏറ്റെടുത്തു കഴിഞ്ഞു. മണ്ണിന്റെ മക്കളായ കർഷകരായി കൊലപ്പെടുത്തുന്ന വർഗീയ കക്ഷികളുടെ തെറ്റായ നയങ്ങൾ ചെറുക്കുക തന്നെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
58 വർഷം മുൻപ് രൂപീകൃതമായ കേരള കോൺഗ്രസ് പാർട്ടി എക്കാലത്തും കേരള രാഷ്ട്രീയത്തിൽ ദിശ നിർണ്ണയിക്കുന്ന രാഷ്ട്രീയ പ്രസ്താനമാണ്. വരും കാലങ്ങളിൽ കേരള കോൺഗ്രസ് (എം) ന് കേരള രാഷ്ട്രീയത്തിൽ വലിയ പങ്കുണ്ടാകും. കേരള കോൺഗ്രസ് (എം) യുഡിഎഫിൽ നിന്നപ്പോൾ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങൾ മുന്നണി മാറ്റത്തോടെ യുഡിഎഫിന്റെ ശക്തി ക്ഷയിപ്പിച്ച് എൽഡിഎഫിന് വിജയിക്കാനായത് കേരള കോൺഗ്രസ് (എം) ന്റെ സ്വാധീനം കൊണ്ടാണ്. പാർട്ടിയുടെ അടിത്തറ വർദ്ധിപ്പിക്കാൻ പോഷക സംഘടനകൾ ശക്തിപ്പെടുത്തുന്നതിന് പുറമെ വിവിധ മേഖലകളിൽ ഫോറങ്ങൾ കേന്ദ്രീകരിച്ച് എല്ലാ മേഖലയിലേക്കും കടന്ന് ചെല്ലുമെന്നും ജോസ് കെ മാണി പറഞ്ഞു.പാർട്ടി അതിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. വലിയ ആവേശത്തോടെയാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പാർട്ടിയിലേക്ക് പ്രവർത്തകർ വരുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളുടെ മുന്നിലും പാർട്ടി വാതിലുകൾ തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ തകർക്കാൻ ശ്രമിച്ചവർ ജനാധിപത്യ രീതിയിൽ ശിക്ഷ ഏറ്റുവാങ്ങി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റ്മാർ, മണ്ഡലം പ്രസിഡന്റ്മാർ, പോഷക സംഘടനാ പ്രസിഡന്റ്മാർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്തത്. ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ് എക്സ്. എം. എൽ. എ, ബെന്നി കക്കാട് എന്നിവർ സംസാരിച്ചു. ഓഫീസ് ചാർജ് ജില്ലാ ജനറൽ സെക്രട്ടറി സി. ആർ. സുനു സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി എസ്. എസ്. മനോജ് നന്ദിയും പറഞ്ഞു.